ജയ്പുർ: മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിൻറെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. ഇടയ്ക്ക് മഴ കാരണം കളി ഒന്നു മന്ദമായെങ്കിലും റോയൽസിൻറെ തകർപ്പൻ പ്രകടനത്തിന് മാറ്റമുണ്ടായില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമായിരുന്നു രാജസ്ഥാന് നഷ്ടമായത്. സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 179, രാജസ്ഥാൻ റോയൽസ് – 18.4 ഓവറിൽ 1ന് 183.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിനു വേണ്ടി ഓപ്പണർമാർ വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ 74 റൺസ് നേടി നിൽക്കേ ബട്‌ലറെ ക്ലീൻ ബോൾഡാക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 25 പന്തിൽ 35 റൺസാണ് താരത്തിൻറെ സ്കോർ നില. പിന്നീടിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ജയ്സ്‌വാളിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ അപരാജിത സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 59 പന്തിലാണ് ജയ്സ്‌വാൾ സെഞ്ചറി പൂർത്തിയാക്കിയത്. ആകെ 60 പന്തിൽ 9 ഫോറും 7 സിക്സും സഹിതം 104 റൺസാണ് താരം അടിച്ചു കൂട്ടിയത്. സഞ്ജു 28 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.
ടീം സ്കോർ ഉയുർത്തും മുന്‍പ് ഓപ്പണർമാരെ നഷ്ടമായ മുംബൈയെ, അർധ സെഞ്ചറി നേടിയ തിലക് വർമയും തകർത്തടിച്ച നേഹൽ വധേരയുമാണ് ഒരുവിധം നല്ല സ്കോറിലെത്തിച്ചത്. 45 പന്തിൽ 65 റൺസ് നേടിയ തിലക് വർമയാണ് അവരുടെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 179 റൺസ് നേടിയത്. രാജസ്ഥാനു വേണ്ടി സന്ദീപ് ശർമ 5 വിക്കറ്റ് അടിച്ചെടുത്തു.