മുംബൈ: മുംബൈയ്ക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം. മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, സുനിൻ നരെയ്ൻ എന്നിവരടങ്ങിയ ബോളിങ് നിര മുംബൈ ഇന്ത്യൻസിനെ 24 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്. 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 18.5 ഓവറിൽ 145 റൺസിൽ അവസാനിച്ചു.
അർധസെഞ്ചറി കൈക്കലാക്കിയ സൂര്യകുമാർ യാദവ് (35 പന്തിൽ 56) മാത്രമാണ് മുംബൈ നിരയിൽ തിളങ്ങിയത്. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് പിഴുത്പ്പോൾ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴത്തി. ഐപിഎൽ സീസണിൽ മുംബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത, 14 പോയിന്റുമായി ലീഡുയർത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയപ്പോൾ, പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ മുംബൈയുടെ ആദ്യ മൂന്നു വിക്കറ്റുകൾ വീണിരുന്നു . ഇഷാൻ കിഷൻ (7 പന്തിൽ 13), രോഹിത് ശർമ (12 പന്തിൽ 11), നമൻ ധിർ (11 പന്തിൽ 11) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ആറ് ഓവറിനുള്ളിൽ വീണത്. പിന്നീട് നാലാം വിക്കറ്റിൽ സൂര്യകുമാർ– തിലക് വർമ സഖ്യം ഒന്നിച്ചെങ്കിലും അധികം വൈകാതെ തിലകും (6 പന്തിൽ 4) പുറത്തായി.
16–ാം ഓവറിൽ സൂര്യ വീണതോടെ ആദ്യ പ്രതീക്ഷയും അസ്തമിച്ചു. നേഹൽ വധേര (11 പന്തിൽ 6), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (3 പന്തിൽ 1), ജെറാൾഡ് കോട്ട്സെ (6 പന്തിൽ 8), പീയുഷ് ചൗള (പൂജ്യം) എന്നിവർക്കാർക്കും കളത്തിൽ തിളങ്ങാനായില്ല. ടിം ഡേവിഡ് (20 പന്തിൽ 24) മാത്രമാണ് അൽപമെങ്കിലും പ്രതീക്ഷ നൽകിയത്. അവസാന ഓവറിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് മുംബൈയെ തോൽവിയിലേക്കെത്തിച്ചത്.