കൊൽക്കത്ത:ഡൽഹി ക്യാപ്റ്റിൽസിനെതിരെ ഏഴു വിക്കറ്റിൻറെ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും മൂന്നു പന്തും ബാക്കിനിർത്തിയാണ് കൊൽക്കത്ത അനായാസം പിന്നിട്ടത്. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (33 പന്തിൽ 68), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (23 പന്തിൽ 33*), വെങ്കടേഷ് അയ്യർ (23 പന്തിൽ 26*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത 12 പോയിന്റുമായി ലീഡുയർത്തി. 10 പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിനായിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഫിൽ സോൾട്ടും സുനിൽ നരെയ്നും (10 പന്തിൽ 15) ചേർന്ന് നൽകിയത്. തുടക്കം മുതൽ സോൾട്ട് മിന്നിച്ച് കളിച്ചതോടെ കൊൽക്കത്ത അതിവേഗം ജയത്തിലേക്ക് പാഞ്ഞു. ഏഴാം ഓവറിൽ നരെയ്കൻ പുറത്താകുമ്പോൾ സ്കോർബോർഡിൽ 79 റൺസായിരുന്നു. അധികം വൈകാതെ തന്നെ സോൾട്ടും പുറത്തായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച റിങ്കു സിങ് (11 പന്തിൽ 11) തിളങ്ങിയില്ലെങ്കിലും ശ്രേയസ്–വെങ്കടേഷ് കൂട്ടുകെട്ട് കൊൽക്കത്തയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. ഡൽഹിക്കായി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റും ലിസാഡ് വില്യാംസ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിക്ക് ഇന്നിങ്സിന്റെ രണ്ടാം ഓവറിൽ തന്നെ ഡൽഹി ഓപ്പണർ പൃഥ്വി ഷായ്ക്ക് (7 പന്തിൽ 13) കൂടാരം കയറേണ്ടി വന്നു. വൈഭവ് അറോറയാണ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറിൽ തന്നെ തകർപ്പൻ ഫോമിലുള്ള മറ്റൊരു ഓപ്പണർ ജേക്ക് ഫ്രേസറും (7 പന്തിൽ 12) മടങ്ങി. മിച്ചൽ സ്റ്റാർക്കാണ് ഫ്രേസറിനെ വെങ്കടേഷ് അയ്യരുടെ കൈകളിൽ എത്തിച്ചത്. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ ഷായ് ഹോപ്പും (3 പന്തിൽ 6) കൂടാരം കയറി. നാലാം വിക്കറ്റിൽ അഭിഷേക് പോറൽ (15 പന്തിൽ 18)– ഋഷഭ് പന്ത് (20 പന്തിൽ 27) കൂട്ടുകെട്ടാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ചേർന്ന് 31 റൺസ് കൂട്ടിച്ചേർത്തു.