ബെംഗളൂരു: സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്) മുന്നിൽ പൊരുതിത്തോറ്റ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി). ഹൈദരാബാദ് ഉയർത്തിയ 288 റൺസെന്ന വിജയലക്ഷ്യത്തിന് 25 റൺസ് ബാക്കിനിൽക്കെയാണു ആർസിബി തോൽവി ഏറ്റു വാങ്ങിയത്. ഐപിഎലിലെ ഏറ്റവും വലിയ സ്കോർ (20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ്) എന്നതിനൊപ്പം കിടിലൻ വിജയവുമാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ കൂറ്റൻ സ്കോറിൻറെ അവകാശികളാണ് ഇപ്പോൾ ഹൈദരാബാദ്.
1 പന്തിൽ 102 റൺസെടുത്ത ട്രാവിസ് ഹെഡാണു ഹൈദരാബാദിൻറെ കളിയുടെ ഗതി മാറ്റിയത്. 31 പന്തിൽനിന്ന് 67 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും ഹെഡിനു മികച്ച പിന്തുണയാണ് നൽകിയത്. അബ്ദുൽ സമദ് (37), അഭിഷേക് ശർമ (34), എയ്ഡന്‍ മാര്‍ക്രം (32) എന്നിവരും നല്ല പ്രകടനം പുറത്തെടുത്തു. 15 എക്സ്ട്രാസാണ് ബെംഗളൂരു ബോളർമാർ എറിഞ്ഞത്. അരങ്ങേറ്റ മത്സരത്തിൽ 4 ഓവറിൽ 52 റൺസ് വിട്ടുകൊടുത്ത ലോക്കി ഫെർഗൂസൻ ബെംഗളൂരുവിനായി 2 വിക്കറ്റ് നേടി. 4 ഓവറിൽ 68 റൺസ് വിട്ടുകൊടുത്ത റീസ് ടേപ്പ്‌ലെ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ആത്മവിശ്വാസത്തോടെയാണു പന്തുകളെ നേരിട്ടത്. 20 പന്തിൽ 42 റൺസെടുത്ത് വിരാട് കോലി കളിയുടെ ആവേശം കൂട്ടി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി 28 പന്തിൽനിന്ന് 62 റൺസ് അടിച്ചെടുത്തു. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിൻറെ വെടിക്കെട്ട് പ്രകടനമാണ് മത്സരത്തെ തിരിച്ചുപിടിച്ചത്. 35 പന്തിൽനിന്ന് 83 റൺസെടുത്ത ദിനേഷ് കാർത്തിക്കും ഔട്ടായതോടെ ബെംഗളൂരുവിൻറെ പ്രതീക്ഷകൾ മങ്ങി. അനുജ് റാവത്ത് (25), മഹിപാൽ ലോംറോർ (19) എന്നിവരും സ്കോർ ബോർഡ് ഉയർത്തിയിരുന്നു.