ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ വരാൻ പോവുകയാണ്. ഇതിന് മുന്നോടിയായി മെഗാ താരലേലവും നടക്കുന്നുണ്ട്. ഇതിന് മുമ്പ് തന്നെ പല സൂപ്പർ താരങ്ങളേയും ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ് ടീമുകളെല്ലാം. പല ടീമുകളും നായകനേയും പരിശീലകനേയുമടക്കം മാറ്റാൻ പദ്ധതി ഇടുകയാണ്. പല വമ്പൻ കൂടുമാറ്റങ്ങളുടേയും റിപ്പോർട്ടുകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഡൽഹി ക്യാപിറ്റൽസിന്റെ വമ്പൻ നീക്കത്തെക്കുറിച്ചുള്ള സൂചനകൾ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
റിക്കി പോണ്ടിങ് പരിശീലക സ്ഥാനമൊഴിഞ്ഞതോടെ ഡൽഹിക്ക് പുതിയ പരിശീലകനെ ആവശ്യമാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് മുൻ ഇന്ത്യൻ സൂപ്പർ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ഡൽഹിയുടെ പരിശീലകനാവുമെന്നാണ്. ഇതിനോടകം യുവരാജ് സിങ് അക്കാദമിക്ക് കീഴിൽ കുട്ടികളെ അദ്ദേഹം വാർത്തെടുക്കുന്നുണ്ട്. ഹൈദരാബാദിനായി ഐപിഎല്ലിൽ തിളങ്ങുന്ന അഭിഷേക് ശർമ യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്.
പരിശീലകസ്ഥാനത്തേക്കെത്താൻ സമീപകാലത്തായി യുവരാജ് ശ്രമം നടത്തിയിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഡൽഹിയുടെ പരിശീലകസ്ഥാനത്തേക്ക് യുവരാജ് എത്തുമെന്നാണ്. ടീമുമായി യുവരാജ് ധാരണയിലെത്തിയെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പുറത്തുവരുന്ന വിവരം. യുവരാജ് സിങ് ഇന്ത്യക്കായി ഐസിസി ലോകകപ്പുകളിൽ നിർണ്ണായക പ്രകടനം നടത്തിയിട്ടുള്ള താരമാണ്.വലിയ ആരാധക പിന്തുണയും യുവരാജിനുണ്ട്. അതുകൊണ്ടുതന്നെ യുവരാജിന്റെ വരവ് ഡൽഹിക്ക് വലിയ കരുത്താവുമെന്നുറപ്പ്. മറ്റ് ചില പ്രധാന മാറ്റങ്ങളും ഡൽഹിയിലുണ്ടാവുമെന്നാണ് വിവരം. ഡൽഹിയുടെ നിലവിലെ നായകൻ റിഷഭ് പന്താണ്. ഇടം കൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷഭിനെ സിഎസ്‌കെ ഒപ്പം കൂട്ടാൻ ശ്രമിക്കുന്നുണ്ട്. എംഎസ് ധോണിക്ക് പകരക്കാരനായി റിഷഭിനെ കൊണ്ടുവരാൻ സിഎസ്‌കെ ശ്രമം നടത്തുന്നുണ്ട്.
അതുകൊണ്ടുതന്നെ പകരം നായകനെ ഡൽഹിക്ക് ആവശ്യമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കാനൊരുങ്ങുന്ന ശ്രേയസ് അയ്യരും രാജസ്ഥാൻ റോയൽസ് വിടാനൊരുങ്ങുന്ന സഞ്ജു സാംസണുമാണ് ഡൽഹിയുടെ പരിഗണനയിലുള്ളത്. ലഭിക്കുന്ന സൂചന പ്രകാരം സഞ്ജുവിനെ നായകസ്ഥാനത്തേക്കെത്തിക്കാനാണ് ഡൽഹി ആഗ്രഹിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. നേരത്തെ സഞ്ജു ഡൽഹിക്കായി കളിച്ചിട്ടുണ്ട്.ശ്രേയസ് അയ്യർ നേരത്തെ ഡൽഹിയെ നയിച്ചിട്ടുള്ള താരമാണ്. എന്നാൽ ടി20യിൽ ശ്രേയസിനെ മികച്ച താരമെന്ന് വിളിക്കാനാവില്ല. അതുകൊണ്ടുതന്നെ ശ്രേയസിനെ കൊണ്ടുവരാൻ ഡൽഹി വലിയ താൽപര്യം കാട്ടിയേക്കില്ല. ഡൽഹിയുടെ ബൗളിങ് പരിശീലകനായി സഹീർ ഖാൻ എത്തുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മുംബൈ ഇന്ത്യൻസ് വിടാൻ സഹീർ ഖാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്.
ലഖ്‌നൗ സൂപ്പർ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായി സഹീർ ഖാൻ പോകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഡൽഹിയുടെ ഓഫർ ലഭിച്ചാൽ സഹീർ ഡൽഹിയിലേക്ക് പോകുമെന്നുറപ്പ്. നേരത്തെ ഡൽഹിക്കായി കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്തിട്ടുള്ള താരമാണ് സഹീർ ഖാൻ. അതുകൊണ്ടുതന്നെ ഡൽഹിയുടെ പരിശീലക സംഘത്തിന്റെ ഭാഗമാവാൻ സഹീർ ഖാന് വലിയ താൽപര്യം ഉണ്ടാവുമെന്ന് തന്നെ പറയാം. എന്തായാലും വലിയ പൊളിച്ചെഴുത്തിലേക്കാണ് ഡൽഹി നീങ്ങുന്നത്.
യുവരാജ് പരിശീലകനും സഞ്ജു ക്യാപ്റ്റനും സഹീർ ഖാൻ ബൗളിങ് പരിശീലകനുമായി ഒരു ടീം വരുമ്പോൾ വലിയ പിന്തുണ ലഭിക്കുമെന്നുറപ്പാണ്. ഡൽഹി പ്രഥമ സീസൺ മുതൽ കളിച്ചിട്ടും ഇതുവരെ കിരീടത്തിലേക്കെത്തിയിട്ടില്ല. ഇത്തവണ കന്നി കിരീടമാണ് ഡൽഹി സ്വപ്‌നം കാണുന്നത്. യുവരാജ് സിങ്ങിന് പരിശീലകനെന്ന നിലയിൽ വലിയ അനുഭവസമ്പത്തില്ല. എന്നാൽ താരമായിരുന്നപ്പോൾ അദ്ദേഹം കാട്ടിയ മികവ് പരിശീലകനാവുമ്പോഴും കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.