ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുറത്തുവരുന്നത്.രോഹിത്ത് അടക്കമുള്ള പല വമ്പൻ താരങ്ങളും ഇത്തവണ കൂടുമാറുമെന്നാണ് റിപ്പോർട്ടുകൾ.ഇക്കൂട്ടത്തിൽ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് മലയാളിയും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റത്തിലേക്കാണ്. മെഗാ ലേലത്തിന് മുൻപ് സഞ്ജു രാജസ്ഥാൻ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
രാജസ്ഥാൻ ക്യാപ്റ്റനെ സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസ് ഉൾപ്പെടെ പല വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ടെന്നാണ് വാർത്തകൾ. അതെസമയം സഞ്ജു ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചെന്നൈയിൽ ഇതിഹാസ താരം എംഎസ് ധോണിയുടെ പകരക്കാരനായി വിക്കറ്റിന് പിന്നിലേക്ക് സഞ്ജു എത്താനുള്ള സാധ്യതയാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ചെന്നൈയ്ക്ക് ക്യാപ്റ്റൻ ഉള്ളതിനാൽ സഞ്ജുവിനെ തട്ടകത്തിലെത്തിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എങ്കിലും മധ്യനിരയിൽ സഞ്ജുവിനെ പോലൊരു ബാറ്ററെ ചെന്നൈയ്ക്ക് ആവശ്യമുണ്ട്. മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി അടുത്ത സീസണിൽ ചെന്നൈയ്ക്ക് വേണ്ടി കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 43കാരനായ ധോണി ഏതുനിമിഷവും കളമൊഴിയുമെന്ന സാഹചര്യത്തിൽ വിക്കറ്റ് കീപ്പറിനെയും ചെന്നൈയ്ക്ക് ആവശ്യമുണ്ട്. അതുകൊണ്ട് സഞ്ജുവിനെ തട്ടകത്തിലെത്തിക്കാനുള്ള സാധ്യതയും കൂടുതലാണ്.
അതേസമയം സിഎസ്‌കെയുടെ ഓൾറൗണ്ടർ ശിവം ദുബെ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തുമെന്നും സൂചനയുണ്ട്. സഞ്ജുവിനെ ട്രേഡിങ് വിൻഡോയിലൂടെ കൈമാറുമെങ്കിൽ സിഎസ്‌കെയിൽ നിന്ന് ദുബെയെ രാജസ്ഥാൻ തിരിച്ച് തട്ടകത്തിലെത്തിച്ചേക്കും. അതേസമയം ദുബെയെ വാങ്ങി സഞ്ജുവിനെ വിട്ടുനൽകാൻ രാജസ്ഥാൻ തയ്യാറാവില്ലെന്നും പ്രതികരണങ്ങളുണ്ട്.സഞ്ജുവിനെ സിഎസ്‌കെ സ്വന്തമാക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമായിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും ആരാധകരുടെ ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും ശക്തി പകരുകയും ചെയ്തു.
ജോസ് ബട്‌ലർ അടക്കമുള്ള സഹരതാരങ്ങൾക്കും ടീം ഡയറക്ടർ കുമാർ സങ്കക്കാരയ്ക്കുമൊപ്പമുള്ള സഞ്ജുവിന്റെ വ്യത്യസ്തമായ ആഹ്‌ളാദ നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയായിരുന്നു റോയൽസ് പോസ്റ്റ് ചെയ്തത്. 'മേജർ മിസ്സിങ്' എന്ന ക്യാപ്ഷനൊപ്പം കരയുന്ന ഇമോജിയും ലവ് ചിഹ്നവും വെച്ചാണ് ടീം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. 28 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ സഞ്ജു റോയൽസ് വിടുമെന്ന ആശങ്ക പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
2013ൽ രാജസ്ഥാൻ കുപ്പായത്തിലാണ് സഞ്ജു തന്റെ ഐപിഎൽ യാത്ര ആരംഭിക്കുന്നത്. രാജസ്ഥാന് വിലക്കേർപ്പെടുത്തിയ മൂന്ന് വർഷങ്ങളിൽ താരം ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കുകയും ചെയ്തു. 2021ൽ രാജസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുത്ത സഞ്ജുവിന് അടുത്ത സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിക്കാൻ സാധിച്ചു. കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ രാജസ്ഥാൻ പ്ലേ ഓഫ് വരെ എത്തിയെങ്കിലും രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദിനോട് പരാജയം വഴങ്ങി പുറത്താവുകയായിരുന്നു.