ന്യൂഡല്‍ഹി: ഐപിഎല്‍ 2025 സീസണിലേക്കുള്ള മെഗാ ലേലത്തിൽ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ അടക്കം നാലു താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ എന്നിവരെയാണ് സഞ്ജുവിനെ കൂടാതെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണിന്ന്. അതേ സമയം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഓരോ ടീമുകള്‍ക്കും ആറു താരങ്ങളെ നിലനിര്‍ത്താം. നാലു താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന് നേരത്തെ ടീമിലുണ്ടായിരുന്ന രണ്ട് പേരെ കൂടി റൈറ്റ് ടു മാച്ച് വഴി നിലനിര്‍ത്താനാകും. കഴിഞ്ഞ സീസണുകളില്‍ ടീമിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് സഞ്ജുവടക്കമുള്ള മേല്‍പറഞ്ഞ നാലുതാരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
സ്വന്തം ടീമിലുണ്ടായിരുന്നയാളെ എതിര്‍ ടീം വിളിച്ചെടുത്താലും അതേ വിലയ്ക്ക് ടീമില്‍ നിലനിര്‍ത്താവുന്ന രീതിയാണ് റൈറ്റ് ടു മാച്ച് (ആര്‍.ടി.എം.). എന്നാല്‍, ലേലത്തിമുന്‍പ് ടീമില്‍ നിലനിര്‍ത്തുന്നതും ആര്‍.ടി.എം. വഴി നിലനിര്‍ത്തുന്നതുമായി ആകെ ആറുപേര്‍ മാത്രമേ പാടുള്ളൂ. കളിക്കാര്‍ക്കുവേണ്ടി ഒരു ടീമിന് ചെലവഴിക്കാവുന്ന ആകത്തുക 120 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷംവരെ ഇത് 100 കോടിയായിരുന്നു.