മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ആരംഭിക്കാൻ പോകുകയാണ്. ഇതിന് മുന്നോടിയായുള്ള മെഗാ താരലേലത്തിനായുള്ള പദ്ധതികളിലേക്ക് ടീമുകൾ കടന്നിരിക്കുകയാണ്. പല വമ്പൻ കൂടുമാറ്റങ്ങളുടേയും റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്‌സ് തുടങ്ങിയ വമ്പന്മാരെല്ലാം വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണെന്നാണ് സൂചന. മുംബൈ ഇന്ത്യൻസിൽ നിന്ന് സൂപ്പർ താരങ്ങളുടെ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് സൂചന.
അവസാന സീസണിൽ നായകനായ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ടീമിൽ ഭിന്നതയുണ്ടാവുകയും മുംബൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മെഗാ താരലേലത്തിന് മുമ്പ് രോഹിത് ശർമ മുംബൈ വിടുമെന്ന റിപ്പോർട്ട് സജീവമാണ്. ഡൽഹി ക്യാപിറ്റൽസിലേക്ക് രോഹിത് കൂടുമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
എന്നാൽ രോഹിത് ശർമ മുംബൈ വിടില്ലെന്നും അതിന്റെ കാരണവും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടറായ ആർ അശ്വിൻ. യുട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അശ്വിൻ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചത്. 'രോഹിത് ശർമയെപ്പോലെ ചിന്തിച്ചാലും കാര്യമില്ല. എനിക്ക് ഈ തലവേദനയുടെ ആവശ്യമില്ല. ഞാൻ ഇന്ത്യയുടെ നായകനായിരുന്നു. ഞാൻ മുംബൈയെ നിരവധി തവണ നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നായകനല്ലെങ്കിലും മുംബൈയിൽ സന്തോഷത്തോടെ തുടരാം.
കൂടുതൽ താരങ്ങളും ഇങ്ങനെയാവും ചിന്തിക്കുക. ഒരു ഘട്ടം കഴിഞ്ഞാൽ പണം ഇത്തരത്തിലുള്ള താരങ്ങൾക്ക് ഒരു പ്രശ്‌നമാവില്ല. അതാണ് വസ്തുത' അശ്വിൻ പറഞ്ഞു. രോഹിത് ശർമ മുംബൈ ഇന്ത്യൻസിൽ തുടരുന്നതിന് തടസമാവുക പ്രതിഫലമാവില്ല. രോഹിത് മുംബൈ തുടരുന്നത് ടീമിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് എത്തിച്ചേക്കും. കാരണം ഹാർദിക് പാണ്ഡ്യയെ നായകനാക്കി മുന്നോട്ട് പോകാനാണ് മുംബൈ ആലോചിക്കുന്നത്.
ഹാർദിക്കിന് നായകനെന്ന നിലയിൽ സ്വതന്ത്ര്യമായി ചിന്തിക്കാനും പ്രവർത്തിക്കാനും രോഹിത് ശർമ ടീമിലുള്ളത് തടസമാവും. അതുകൊണ്ടുതന്നെ രോഹിത് ടീം വിടുന്നതാണ് മുംബൈ മാനേജ്‌മെന്റിന് നല്ലത്. അല്ലാത്ത പക്ഷം അവസാന സീസണിലേതുപോലെ ടീമിനുള്ളിൽ ഭിന്നതയുണ്ടാവാനാണ് സാധ്യത. രോഹിത് ശർമയുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ മുംബൈ നിലനിർത്താൻ വലിയ താൽപര്യം കാട്ടിയേക്കില്ല.
എന്നാൽ ഇന്ത്യയെ ടി20 ലോകകപ്പിൽ കിരീടം ചൂടിച്ചാണ് രോഹിത് ശർമയുടെ വരവ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ അദ്ദേഹത്തെ മാറ്റിനിർത്താനാവില്ല. രോഹിത് ശർമ മെഗാ ലേലത്തിലേക്കെത്തിയാൽ ഒപ്പം കൂട്ടാൻ പല ടീമുകളും തയ്യാറായേക്കും. ഡൽഹി, ലഖ്‌നൗ ടീമുകളാണ് രോഹിത്തിനെ നോട്ടമിടുന്നതെന്നാണ് വിവരം. 20 കോടിയിലധികം രോഹിത്തിന് നൽകാൻ ഈ ടീമുകൾ തയ്യാറെടുക്കുന്നു എന്നാണ് വിവരം. അതുകൊണ്ടുതന്നെ രോഹിത്തിന്റെ കൂടുമാറ്റ സാധ്യതകളും തള്ളിക്കളയാനാവില്ല.
രോഹിത് ശർമ മുംബൈ വിട്ടാൽ മറ്റ് ചില സൂപ്പർ താരങ്ങളും മുംബൈ വിട്ടേക്കും. സൂര്യകുമാർ യാദവ് മുംബൈ വിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കെത്തുമെന്നാണ് വിവരം. സൂര്യ കളിച്ച് വളർന്നത് കെകെആറിലൂടെയാണ്. നിലവിൽ ഇന്ത്യയുടെ ടി20 നായകനാണ് സൂര്യകുമാർ യാദവ്. അതുകൊണ്ടുതന്നെ സൂര്യക്ക് നായകസ്ഥാനമടക്കം നൽകാൻ കെകെആർ പദ്ധതിയിടുന്നതായാണ് വിവരം. സൂര്യകുമാർ മുംബൈയുടെ നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നു,
എന്നാൽ ഇതിനെ മറികടന്നാണ് ഹാർദിക് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത്. ഇതിൽ സൂര്യക്ക് അതൃപ്തിയുണ്ട്. സൂര്യകുമാർ മുംബൈ വിട്ടാൽ ടീമിനത് നികത്താനാവാത്ത വിടവാകും. ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, രോഹിത് ശർമ എന്നിവരിലാണ് മുംബൈയുടെ കെട്ടുറപ്പ്. ഈ കൂട്ടുകെട്ട് പൊളിഞ്ഞാൽ മുംബൈയുടെ പ്രകടനം വീണ്ടും താഴോട്ട് പോകാനുള്ള സാധ്യതയാണ് കൂടുതൽ. അതുകൊണ്ടുതന്നെ മുംബൈ ടീം മാനേജ്‌മെന്റിന് കാര്യങ്ങൾ കടുപ്പമാണെന്ന് പറയാം.