മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി മെഗാ താരലേലമാണ് നടക്കാൻ പോകുന്നത്.ഇതിന് മുന്നോടിയായുള്ള പല കൂടുമാറ്റ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.ഇതിൽ മുംബൈ ഇന്ത്യൻസിൽ നിന്ന് വലിയ കൂടുമാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രോഹിത് ശർമ മുംബൈ വിടുമെന്നും സൂര്യകുമാർ യാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാവുമെന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
എന്നാൽ ഇപ്പോഴിതാ മറ്റൊരു സൂപ്പർ താരം കൂടി മുംബൈ വിട്ടേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ മുംബൈ വിടുമെന്ന റിപ്പോർട്ട് മുംബൈ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുംറയുമായി ഒരു ടീം ചർച്ച നടത്തിയെന്നും ധാരണയിലേക്കെത്തിയെന്നുമാണ് ലഭിക്കുന്ന വിവരം. ആർസിബിയിലേക്കോ ഹൈദരാബാദിലേക്കോ അല്ലെന്നും ബുംറ കൂടുമാറുന്നത് ഗുജറാത്ത് ടൈറ്റൻസിലേക്കുമാണെന്നാണ് വിവരം.
മുംബൈ ഇന്ത്യൻസ് വിടാൻ ബുംറ തീരുമാനിച്ചുവെന്നും ഗുജറാത്ത് ടൈറ്റൻസുമായി ധാരണയിലെത്തിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഗുജറാത്ത് ടൈറ്റൻസ് വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ആശിഷ് നെഹ്‌റ ഗുജറാത്തിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞേക്കും. പുതിയ പരിശീലകന് കീഴിലാവും ഗുജറാത്ത് ഇറങ്ങുക. ശുബ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്തിലേക്ക് ബുംറയെ എത്തിക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്.
ബുംറയെ വിട്ടുകൊടുക്കാൻ മുംബൈ ഒരിക്കലും തയ്യാറായേക്കില്ല.എന്നാൽ ബുംറ ടീം വിടാൻ തീരുമാനിച്ചാൽ മുംബൈക്ക് തടുത്തു നിർത്താനാവില്ല. ബുംറയെ വിട്ടുനൽകാൻ റാഷിദ് ഖാനെ മുംബൈ ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. നേരത്തെ മുതൽ മുംബൈ റാഷിദ് ഖാനെ നോട്ടമിട്ടിരുന്നു. എന്നാൽ അന്ന് ഈ നീക്കം ഫലം കണ്ടിരുന്നില്ല. ഇപ്പോൾ ബുംറ ടീം വിടാൻ തീരുമാനിച്ചതിനാൽ റാഷിദ് ഖാനെ പകരക്കാരനായി കൂട്ടി ഗുജറാത്തുമായി ധാരണയിലെത്താനാണ് മുംബൈ നീക്കം നടത്തുന്നതെന്നാണ് വിവരം.
അവസാന സീസണിൽ മുംബൈ രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും പകരം ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയും ചെയ്തതിൽ എതിർപ്പ് പ്രകടിപ്പിച്ച താരങ്ങളിലൊരാളാണ് ബുംറ. പരസ്യമായിത്തന്നെ ഇക്കാര്യത്തിൽ ബുംറ അതൃപ്തി പ്രകടമാക്കുകയും ചെയ്തിരുന്നു. മുംബൈയുടെ നായകനാവാൻ താൽപര്യമുള്ളയാളായിരുന്നു ബുംറ. നായകനാവാൻ താൽപര്യമുള്ള കാര്യം ബുംറ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്.
എന്നാൽ ബുംറയേയും സൂര്യകുമാർ യാദവിനേയും മറികടന്നാണ് ഗുജറാത്തിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ മുംബൈയിലേക്കെത്തിച്ചതും പിന്നീട് നായകനാക്കിയതും. മുംബൈ ഇന്ത്യൻസ് ടീം രണ്ട് തട്ടിലായതോടെ അവസാന സീസണിൽ ടീം അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെ സൂപ്പർ താരങ്ങൾ ടീം വിടുന്നത് മുംബൈയെ പ്രതിസന്ധിയിലാക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
സൂപ്പർ താരങ്ങളുടെ അതൃപ്തിക്കിടയിലും മുംബൈ വിശ്വാസം അർപ്പിക്കുന്നത് ഹാർദിക് പാണ്ഡ്യയിലാണ്. നായകനായി ഹാർദിക്കിനെ നിലനിർത്തിയാവും മുംബൈ മുന്നോട്ട് പോവുകയെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമായ സൂചന നൽകിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ രോഹിത് ശർമയും സൂര്യയും ബുംറയും മുംബൈയിൽ തുടരാൻ താൽപര്യക്കുറവ് അറിയിച്ചിരിക്കുകയാണ്. ഇവർ മുംബൈയുടെ കരുത്തുറ്റ താരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിടവ് നികത്തുക മുംബൈയെ സംബന്ധിച്ച് വളരെ പ്രയാസവുമാണ്.
റാഷിദ് ഖാനെ ടീമിലേക്കെത്തിക്കുന്നത് മികച്ച നീക്കമാവും. രോഹിത്തിന്റെ സമീപകാല ഫോം നോക്കുമ്പോൾ ടീം വിട്ടാലും ബാറ്റ്‌സ്മാനെന്ന നിലയിൽ അത് മുംബൈയെ കാര്യമായി ബാധിച്ചേക്കില്ല. എന്നാൽ സൂര്യകുമാറിന്റേയും ബുംറയുടേയും മികവ് വിലയിരുത്തുമ്പോൾ ഉത്തമ പകരക്കാരെ കണ്ടെത്തുകയെന്നത് മുംബൈക്ക് വളരെ പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം.