ഐപിഎൽ 2025: സഞ്ജു രാജസ്ഥാൻ ടീം വിടുമോ? പുതിയ ക്യാപ്റ്റൻ ഇവരിലൊരാൾ...

ജോസ് ബട്‌ലർ രാജസ്ഥാൻ ടീമിലുണ്ട്. എന്നാൽ നായകസ്ഥാനം ബട്‌ലർക്ക് നൽകിയേക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാൽ രാജസ്ഥാൻ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

author-image
Greeshma Rakesh
New Update
sanju samson

sanju samson

Listen to this article
0.75x 1x 1.5x
00:00 / 00:00

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ വരാനിരിക്കെ പല വമ്പൻ താരങ്ങളുടേയും കൂടുമാറ്റ വിവരങ്ങൾ ഇതിനോടകം തന്നെ പുറത്തുവരുന്നുണ്ട്.മെഗാ ലേലം വരാനിരിക്കെ അപ്രതീക്ഷിത പ്രഖ്യാപനങ്ങൽ ടീമുകളിലുണ്ടാവുമെന്നാണ് പുറത്തുവരുന്ന  വിവരം. ആരാധകർ പ്രതീക്ഷിക്കാത്ത താരങ്ങൾ ഉൾപ്പെടെ കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിലൊരു റിപ്പോർട്ടാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്നത്.

രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു സാംസൺ. ടീമിനൊപ്പം മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണുകളിലെല്ലാം സഞ്ജു പുറത്തെടുത്തത്.ഒരു തവണ ടീമിനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിന് കഴിഞ്ഞിരുന്നു.എന്നാൽ അടുത്ത സീസണിന് മുമ്പ് സഞ്ജു രാജസ്ഥാൻ ടീം വിട്ടേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.അതെസമയം സഞ്ജു പോയാൽ ആരാകും പകരം രാജസ്ഥാന്റെ നായകനെന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്.പല വമ്പൻമാരും കൂടുമാറുന്നതിനാൽ രാജസ്ഥാൻ ആരെയാവും പരിഗണിക്കുക?.

ജോസ് ബട്‌ലർ രാജസ്ഥാൻ ടീമിലുണ്ട്. ഇത്തവണയും അദ്ദേഹത്തെ നിലനിർത്തുമെന്നാണ് വിവരമെങ്കിലും നായകസ്ഥാനം ബട്‌ലർക്ക് നൽകിയേക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാൽ രാജസ്ഥാൻ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം. ശ്രേയസ് അയ്യരാണ് ഒന്നാമത്തെ താരം. അവസാന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കപ്പിലേക്കെത്തിച്ച നായകനാണ് ശ്രേയസ് അയ്യർ.

എന്നാൽ അടുത്ത സീസണിൽ ശ്രേയസ് അയ്യരെ മാറ്റി സൂര്യകുമാർ യാദവിനെ നായകനാക്കാനാണ് കെകെആറിന്റെ പദ്ധതി. ഇതിന്റെ നീക്കങ്ങൾ ടീം നടത്തുന്നുണ്ടെന്നാണ് വിവരം. മുംബൈ ഇന്ത്യൻസ് താരമാണ് സൂര്യകുമാർ യാദവ്. എന്നാൽ വരുന്ന സീസണിൽ സൂര്യകുമാർ മുംബൈ ടീമിലുണ്ടാകില്ല. കെകെആറിന്റെ നായകസ്ഥാനത്തേക്കാവും സൂര്യകുമാർ എത്തുക. നിലവിൽ ഇന്ത്യയുടെ ടി20 ടീം നായകനാണ് സൂര്യകുമാർ യാദവ്.

അതുകൊണ്ടുതന്നെ സൂര്യകുമാർ വരുമ്പോൾ ശ്രേയസ് അയ്യർക്ക് വഴിമാറിക്കൊടുക്കേണ്ടി വരും. ശ്രേയസിനെ രാജസ്ഥാൻ ഒപ്പം കൂട്ടിയേക്കുമെന്നാണ് വിവരം. നേരത്തെ ഡൽഹി ക്യാപിറ്റൽസിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ്. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ ഒപ്പം കൂട്ടാൻ രാജസ്ഥാൻ തയ്യാറായേക്കും. ടി20യിൽ ശ്രേയസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാൻ ശ്രേയസിനെ ഒപ്പം കൂട്ടിയാൽ അത് വലിയ സാഹസമായിരിക്കുമെന്നുറപ്പ്.

രണ്ടാമത്തെ താരം രോഹിത് ശർമയാണ്. മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത് ശർമ. എന്നാൽ അവസാന സീസണിൽ രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്കെത്തിച്ച മുംബൈ ടീം മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരേ രോഹിത് ശർമക്ക് അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുംബൈ ടീം വിടാൻ രോഹിത് ശർമ തയ്യാറെടുക്കുകയാണെന്നാണ് വിവരം. രോഹിത്തിനെ ഒപ്പം കൂട്ടാൻ രാജസ്ഥാൻ ശ്രമിച്ചേക്കും.

അനുഭവസമ്പന്നനായ നായകനാണ് രോഹിത്. അതുകൊണ്ടുതന്നെ നായകസ്ഥാനത്തേക്ക് രോഹിത് ശർമയെ കൊണ്ടുവരാനുള്ള ശ്രമം രാജസ്ഥാൻ നടത്തിയേക്കും. രാജസ്ഥാന് പരിഗണിക്കാൻ സാധിക്കുന്ന മറ്റൊരു താരം റിയാൻ പരാഗാണ്. മധ്യനിര ബാറ്റ്‌സ്മാനും സ്പിന്നറുമായ പരാഗ് ഇതിനോടകം രാജസ്ഥാനൊപ്പമുണ്ട്. അടുത്ത സീസണിൽ രാജസ്ഥാൻ പരാഗിനെ നിലനിർത്തുമെന്നുറപ്പാണ്. ഇതിനോടകം ഇന്ത്യക്കായും അരങ്ങേറ്റം കുറിക്കാൻ പരാഗിന് സാധിച്ചിട്ടുണ്ട്.

രാജസ്ഥാൻ ടീം മാനേജ്‌മെന്റ് വലിയ പിന്തുണ നൽകുന്ന താരമാണ് പരാഗ്. ആഭ്യന്തര ക്രിക്കറ്റിൽ നായകനായി അനുഭവസമ്പത്ത് പരാഗിനുണ്ട്. അതുകൊണ്ടുതന്നെ നായകനായി പരാഗിനെ വളർത്താൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നായകസ്ഥാനം ലഭിച്ചാൽ പരാഗ് അത് ഏറ്റെടുക്കുമെന്നുറപ്പാണ്. അവസാന സീസണുകളിലെല്ലാം മികച്ച പ്രകടനവും താരം നടത്തിയിരുന്നു. എന്തായാലും രാജസ്ഥാൻ ടീം മാനേജ്‌മെന്റിന്റെ നീക്കം എന്താവുമെന്നതാണ് കണ്ടറിയേണ്ടത്.

rajasthan royals team Sanju Samson IPL 2025