മുംബൈ: ഐപിഎല്ലിലെ പോരാട്ടങ്ങള്‍ക്ക് വെള്ളിയാഴ്ച ചെന്നൈയില്‍ തുടക്കം. ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവും തമ്മിലാണ് ആദ്യ മത്സരം. ഐപിഎല്ലില്‍ 2024 സീസണ്‍ 17ല്‍ പുതിയ നിയമങ്ങളുമായാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഇക്കുറി മത്സരത്തില്‍ ബൗളര്‍മാരെ ഒറ്റ ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ എറിയാന്‍ അനുവദിക്കുന്ന നിയമം മുതല്‍ ഡിആര്‍എസില്‍ സ്റ്റംപിംഗിനൊപ്പം ക്യാച്ചും റിവ്യു ചെയ്യുന്നതുള്‍പ്പടെയുള്ള മാറ്റങ്ങളുണ്ട്.
ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാര്‍ക്കും തുല്യത നല്‍കുന്നതിന്റെ ഭാഗമായാണ് ഒരു ഓവറില്‍ രണ്ട് ബൗണ്‍സറുകള്‍ അനുവദിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്. സ്റ്റംപിംഗ് റിവ്യൂകളില്‍ ക്യാച്ച് ഔട്ട് പരിശോധിക്കില്ലെന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമമെങ്കിലും ഐപിഎല്ലില്‍ രീതി അങ്ങനെയല്ല. സ്റ്റംപിംഗ് റിവ്യൂകളില്‍ ക്യാച്ച് ഔട്ടാണോ എന്നതും ടിവി അമ്പയര്‍ പരിശോധിക്കും.
വൈഡുകളും നോ ബോളുകളും ഉള്‍പ്പടെ റിവ്യു ചെയ്യാന്‍ അനുവദിക്കുന്ന രണ്ട് റിവ്യു ഓരോ ടീമിനും നിലവിലുള്ളത് പോലെ തുടരും. റിവ്യു എടുക്കാന്‍ രാജ്യാന്തര മത്സരങ്ങളിലേതുപോലെ സ്റ്റോപ് ക്ലോക്ക് ഉണ്ടാകില്ല. അതുപോലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരുടെ തീരുമാനം റിവ്യു ചെയ്യുന്ന ടെലിവിഷന്‍ അമ്പയര്‍ക്ക് സ്മാര്‍ട്ട് റീപ്ലേ സിസ്റ്റവും ഇത്തവണ ലഭ്യമാകും.
ഇതോടെ റിവ്യു തീരുമാനങ്ങളുടെ വേഗവും കൃത്യതയും വര്‍ധിപ്പിക്കാനാകും. റിവ്യു പരിശോധനകളില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ സാങ്കേതിക വിദ്യയും ഇത്തവണ ലഭ്യമാകും. ഇതിന് പുറമെ കൂടുതല്‍ കൃത്യതയുള്ള ദൃശ്യങ്ങള്‍ക്കായി ഉയര്‍ന്ന ഫ്രെയിം റേറ്റുള്ള ക്യാമറകളും ഉണ്ടായിരിക്കും.
ക്ലോസ് ക്യാച്ചുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍വശത്ത് നിന്നും വശങ്ങളില്‍ നിന്നുമുള്ള ആംഗിളുകള്‍ വ്യക്തമായി കാണാവുന്ന സൂം ചെയ്താലും വ്യക്തത നഷ്ടാവാത്ത ദൃശ്യങ്ങളാകും ടിവി അമ്പയര്‍ക്ക് ലഭ്യമാകുക. നിലവില്‍ ടെലിവിഷന്‍ അമ്പയറും ഫീല്‍ഡ് അമ്പയറും തമ്മിലുള്ള ലൈവ് സംഭാഷണം ആരാധകര്‍ കേള്‍ക്കുന്നതുപോലെ ടെലിവിഷന്‍ അമ്പയറും ഹോക്ക് ഐ ഓപ്പറേറ്ററും തമ്മിലുള്ള സംഭാഷണങ്ങളും ഇനി ആരാധകര്‍ക്ക് കേള്‍ക്കാം.
ഐപിഎല്‍ പതിനേഴാം സീസണ്‍ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്സാണ് ടെലിവിഷനിലൂടെ എത്തിക്കുന്നത്. ജിയോ സിനിമയുടെ വെബ്സൈറ്റും ആപ്ലിക്കേഷനും വഴിയാണ് മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ്. രാത്രി ഏഴരയ്ക്കാണ് ടോസിട്ട് കളി ആരംഭിക്കുന്നത്. എ ആര്‍ റഹ്മാന്റെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകര്‍ഷണം.
ഗായകരായ സോനു നിഗം, ബോളിവുഡ് നടന്‍മാരായ അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ് എന്നിവരും ചടങ്ങിന്റെ മാറ്റ് കൂട്ടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. ആര്‍സിബിയില്‍ വിരാട് കോലി കോലിക്കും ഫാഫ് ഡുപ്ലസിക്കും പുറമെ ഗ്ലെന്‍ മാക്സ്വെല്ലും കാമറൂണ്‍ ഗ്രീനും ദിനേശ് കാര്‍ത്തിക്കും മുഹമ്മദ് സിറാജുമുണ്ട്. ചെന്നൈയിലാവട്ടെ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മൊയീന്‍ അലി, ശിവം ദുബെ തുടങ്ങിയവര്‍ ശ്രദ്ധേയമാവും.