ഗുവാഹത്തി: ഐപിഎല്ലിൽ രണ്ടാം സ്ഥാനം നിലനിർത്താൻ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് രാജസ്ഥാന്റെ എതിരാളി.ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ രാജസ്ഥാന് രണ്ടാം സ്ഥാനം നിലനിർത്താം.
അതിന് മുമ്പ് 3.30ന് സൺറൈസേഴ്‌സ് ഹൈദരാബാദ് - പഞ്ചാബ് കിംഗ്‌സ് മത്സരം നടക്കാനുണ്ട്. ഹൈദരാബാദ് തോറ്റാലും രാജസ്ഥാന് രണ്ടാം സ്ഥാനം നിലനിർത്താൻ സാധിക്കും.നിലവിൽ പട്ടികയിൽ രാജസ്ഥാനിപ്പോൾ 16 പോയിന്റും ഹൈദരാബാദിന് 15 പോയിന്റുമാണുള്ളത്. ജയിച്ചാൽ ഹൈദരാബാദിന് 17 പോയിന്റാവും. പിന്നീട് ഹൈദരബാദിനെ മറികടക്കണമെങ്കിൽ രാജസ്ഥാൻ ജയം അനിവാര്യമാണ്.
ഹൈദരാബാദ് - ഗുജറാത്ത് ടൈറ്റൻസ് മത്സരം മഴ മുടക്കിയതോടെയാണ് രാജസ്ഥാന് നേട്ടമുണ്ടായത്. ഗുജറാത്തിനെ തോൽപ്പിച്ചിരുന്നെങ്കിൽ പോയിന്റ് പട്ടികയിൽ രാജസ്ഥാനെ മറികടന്ന് രണ്ടാമതെത്താനുള്ള അവസരം ഹൈദരാബാദിനുണ്ടായിരുന്നു.എന്നാൽ മത്സരം മഴ മുടക്കിയതോടെ ഇരുവർക്കും പോയിന്റ് പങ്കിടേണ്ടിവന്നു.അതേസമയം, കൊൽക്കത്ത നേരത്തെ ഒന്നാം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഇന്ന് തോറ്റാൽ പോലും അവർക്ക് ഒന്നാംസ്ഥാനം നഷ്ടമാവില്ല. ഒന്നും രണ്ടും സ്ഥാനക്കാരാണ് ആദ്യ ക്വാളിഫയറിൽ കളിക്കുക.
അതിൽ ജയിക്കുന്ന ടീം ഫൈനലിലെത്തും. തോൽക്കുന്ന ടീമിന് ഒരു മത്സരം കൂടി ബാക്കിയുണ്ട്. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ എലിമിനേറ്ററിൽ നേർക്കുനേർ വരും. ജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. തോൽക്കുന്ന ടീം പുറത്തേക്കും. രണ്ടാം ക്വാളിഫയർ മത്സരത്തിൽ ആദ്യ ക്വാളിഫയറിലെ തോറ്റ ടീമും എലിമിനേറ്ററിലെ വിജയികളും നേർക്കുന്നേർ വരും.
ജയിക്കുന്ന ടീം ഫൈനലിലേക്ക് പ്രവേശിക്കും. രണ്ടാം സ്ഥാനത്ത് അവസാനിപ്പിച്ചാൽ രാജസ്ഥാന് ദുർഘടവഴി ഒഴിവാക്കാം. ഇനി ആദ്യ ക്വാളിഫയറിൽ തോറ്റാലും വീണ്ടും അവസരമുണ്ട്. അതുകൊണ്ട് കൊൽക്കത്തയോട് വിജയം മാത്രമായിരിക്കും സഞ്ജുവിന്റേയും സംഘത്തിന്റേയും ലക്ഷ്യം.