ഗുവാഹത്തി: ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിക്കാനുള്ള അന്തിമ പോരാട്ടത്തിന് ബുധനാഴ്ച ഇറങ്ങുകയാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്.12 മത്സരങ്ങളിൽ 16 പോയിന്റുള്ള രാജസ്ഥാന് പഞ്ചാബ് കിംഗ്‌സാണ് എതിരാളി. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ ഇപ്പോഴും പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല.
പഞ്ചാബ് കിംഗ്സിനെതിരെ ജയിച്ചാൽ രാജസ്ഥാൻ പ്ലേഓഫ് ഉറപ്പിക്കും.ബുധനാഴ്ച 7.30ന് ഗുവാഹത്തിയിലാണ് മത്സരം. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. പ്ലേഓഫിന് പുറത്തായ പഞ്ചാബിനെതിരായ വിജയത്തോടെ തിരിച്ചുവരാനാണ് സഞ്ജു സാംസണും ടീമും ആഗ്രഹിക്കുന്നത്.
എന്നാൽ മത്സരത്തിന് മുമ്പ് രാജസ്ഥാന് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.ഓപ്പണർ ജോസ് ബട്‌ലർ ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരാൻ നാട്ടിലേക്ക് തിരിച്ചതാണ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാകിസ്ഥാനെതിരായ ടി20 പരമ്പരയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ബട്‌ലർ നേരത്തെയിറങ്ങുന്നത്.
ബട്‌ലറുടെ അഭാവത്തിൽ ആര് കളിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിൽ രണ്ട് സാധ്യതകളാണ് ടീം മാനേജ്‌മെന്റിന്റെ മുന്നിലുള്ളത്. അതിലൊന്ന് യുവതാരം ധ്രുവ് ജുറലിനെ ഓപ്പണിംഗ് ചെയ്യിപ്പിക്കുക എന്നതാണ്.
ഇതുവരെ കാര്യമായ അവസരമൊന്നും ജുറലിന് ലഭിച്ചിട്ടില്ല. മധ്യനിരയിൽ മോശമല്ലാത്ത പ്രകടനവും ഇതുവരെയുള്ള മത്സരങ്ങളിൽ ജുറൽ പുറത്തെടുക്കുന്നുണ്ട്. ആത്മവിശ്വാസത്തിൽ നിൽക്കുന്ന താരത്തിന് സ്ഥാനക്കയറ്റം നൽകാൻ ടീം മാനേജ്‌മെന്റ് തയ്യാറാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.അതെസമയം റോവ്മാൻ പവലിനെ ഓപ്പണറാക്കുന്ന കാര്യവും ടീം മാനേജ്‌മെന്റ് പരിഗണിച്ചേക്കും.
ടോം കോഹ്‌ലർ-കഡ്‌മോർ, ഡോണോവൻ ഫെറൈര എന്നിവരാണ് ടീമിലുള്ള മറ്റു ഓവർസീസ് ബാറ്റർമാർ. ഇരുവരും മധ്യനിര താരങ്ങളാണ്. ഈയൊരു സാഹചര്യത്തിൽ രാജസ്ഥാൻ എന്ത് ചെയ്യുമെന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.ജുറൽ ഓപ്പണറാവാൻ ഒരു വലിയ സാധ്യതയുണ്ടെന്ന് തന്നെ പറയാം. എന്തായാലും രാജസ്ഥാൻ റോയൽസിന്റെ സാധ്യതാ ഇലവൻ പരിശോധിക്കാം.
രാജസ്ഥാൻ റോയൽസ് സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ഷിംറോൺ ഹെറ്റ്‌മെയർ, ശുഭം ദുബെ, ആർ അശ്വിൻ, ട്രന്റ് ബോൾട്ട്, ആവേശ് ഖാൻ, സന്ദീപ് ശർമ, യൂസ്‌വേന്ദ്ര ചാഹൽ.