മുംബൈ: ഐപിഎൽ 2024 സീസൺ അവസാന ഘട്ടങ്ങളിലേയ്ക്ക് കടക്കവേ പ്ലേ ഓഫിൽ ഇനിയുള്ള രണ്ട് ഒഴിവുകളിലേക്കുള്ള മത്സരം തീപാറും.ഇതിനകം രണ്ടു ടീമുകൾ മാത്രമാണ് പ്ലേ ഓഫിൽ സ്ഥാനം നേടിയത്. പട്ടികയിൽ 19 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും 16 പോയിന്റുമായി രാജസ്ഥാൻ റോയൽസുമാണ് പ്ലേ ഓഫിൽ യോഗ്യത നേടിയത്.ഇനിയുള്ള രണ്ടു ഒഴിവിലേക്ക് നിലവിൽ അഞ്ചു ടീമുകൾക്കാണ് സാധ്യതയുള്ളത്.
സൺ റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയൻറ്സ് എന്നിവയാണ് നിലവിൽ പ്ലേ ഓഫിലേയ്ക്ക് കടക്കാൻ സാധ്യതയുള്ള അഞ്ച് ടീമുകൾ.ഹൈദരാബാദിനൊഴികെ ബാക്കിയുള്ള നാലു ടീമുകൾക്കും ഓരോ മത്സരമാണ് ഇനി അവശേഷിക്കുന്നത്.അതിനാൽ അവസാന നാലിലെ രണ്ടു കൂട്ടരെ തീരുമാനിക്കുന്നതിൽ നെറ്റ് റൺറേറ്റിന് നിർണായക റോളുണ്ടാകുമെന്നതിൽ സംശയം വേണ്ട.
നിലവിലെ പോയിന്റനുസരിച്ച് പ്ലേ ഓഫിന് കൂടുതൽ സാധ്യതയുള്ള ടീമുകളിലൊന്നാണ് ഹൈദരാബാദാണ്. ഇവർക്ക് ഗുജറാത്ത് ടൈറ്റൻസുമായും പഞ്ചാബ് കിങ്സുമായും രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. നിലവിൽ 14 പോയൻറുള്ള ടീമിന് ഒരു കളി ജയിച്ചാൽ പോലും പ്ലേ ഓഫിലെത്താനാകും.അതിനാൽ ഇനിയുള്ള രണ്ടു മത്സരങ്ങളും ഹൈദരാബാദിന് നിർണായകമാണ്.രണ്ട് മത്സരങ്ങളിലും തോൽക്കുകയാണെങ്കിൽ റൺറേറ്റാണ് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുക.ചെന്നൈ ബംഗളൂരുവിനെ തോൽപിക്കുകയും ഹൈദരാബാദ് രണ്ടു മത്സരങ്ങളും തോൽക്കുകയും ചെയ്താലും മികച്ച റൺ റേറ്റുള്ള പാറ്റ് കമ്മിൻസിനും സംഘത്തിനും പ്ലേ ഓഫിലെത്താനാകും.
പ്ലേ ഓഫ് സാധ്യതയിലുളള രണ്ടാമത്തെ ടീമാണ് ചെന്നൈ.നിലവിൽ 13 മത്സരങ്ങളിൽനിന്ന് 14 പോയൻറുള്ള ചെന്നൈക്ക് ബംഗളൂരുവിനെതിരായ അവസാന ലീഗ് മത്സരം ജയിച്ചാൽ അനായാസം പ്ലേ ഓഫിലേയ്ക്കെത്താം.കുറഞ്ഞ മാർജിനിൽ തോറ്റാലും മികച്ച റൺ റേറ്റുള്ള ചെന്നൈക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യതയേറെയാണ്. ഹൈദരാബാദ് ഇനിയുള്ള രണ്ടു മത്സരങ്ങളും തോറ്റാലും ചെന്നൈക്ക് നാലിലെത്താനാകും. ബെംഗളൂരുവിന് ചെന്നൈക്കെതിരായ മത്സരം ജയിച്ചാൽ മാത്രം പോരാ, റൺറേറ്റിലും മറ്റു ടീമുകളേക്കാൾ മുന്നിലെത്തണം. നിലവിൽ +0.387 ആണ് ടീമിൻറെ റൺ റേറ്റ്. അതിനാൽ ചെന്നൈ-ബംഗളൂരു മത്സരം അതി നിർണായകമാണ്. ഡൽഹിക്കും ലഖ്നോക്കും വിദൂര സാധ്യത മാത്രമാണുള്ളത്.