അഹമ്മദാബാദ്: ഐപിഎൽ പതിനേഴാം സീസണിലെ ആദ്യ ഫൈനലിസ്റ്റായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്.പോയിന്റ് ടേബിളിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള ക്വാളിഫയർ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊൽക്കത്ത തോൽപ്പിച്ചത്.വെങ്കിടേഷ് അയ്യരുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും തകർപ്പൻ അർധ സെഞ്ച്വറിയുടെ മികവിൽ വെറും 13.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ലക്ഷ്യം കണ്ടത്.
നേരത്തെ സീസണിലെ ബിഗ് ടോട്ടൽ ടീമിനെ അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിലൊതുക്കി കൊൽക്കത്തയുടെ ബൗളർമാർ. ആദ്യ ഓവറിൽ ഹെഡിന്റേതടക്കം മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഹൈദരാബാദിനെ തകർത്തത്.
55 റൺസ് നേടിയ രാഹുൽ ത്രിപാഠി, ഹെന്റിച്ച് ക്ലാസനും (32), ക്യാപ്റ്റൻ പാറ്റ് കമിൻസും (30) ചേർന്നാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. എന്നാൽ 160 എന്ന ലക്ഷ്യത്തിലേക്ക് ഗർബാസും നരെയ്‌നും ആത്മവിശ്വാസത്തോടെ തുടങ്ങി. ഇരുവർക്കും ശേഷം വന്ന അയ്യരും വെങ്കിടേഷും അധികം ക്ഷമ കാട്ടാതെ കൂറ്റനടികളോടെ ഫൈനലിലേക്ക് മാർച്ച് ചെയ്തു.
മത്സരത്തിൽ തോറ്റെങ്കിലും സൺ റൈസേഴ്സിന് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന രാജസ്ഥാൻ-ബെംഗളൂരു എലിമിനേറ്ററിൽവിജയിക്കുന്ന ടീമുമായുള്ള രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ വിജയിച്ചാൽ വീണ്ടും ഒരു കൊൽക്കത്ത-സൺ റൈസേഴ്സ് മത്സരം കാണാൻ സാധിക്കും.