ചെന്നൈ: ഐപിഎൽ 2024 സീസണിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സിന്റെ ഇന്ത്യൻ പേസർ ഹർഷൽ പട്ടേൽ. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പാണ് ഹർഷൽ പട്ടേലിന് സ്വന്തമാക്കിയത്. സീസണിലെ 14 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയാണ് ഹർഷൽ പർപ്പിൾ ക്യാപ്പ് അണിഞ്ഞത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻറെ വരുൺ ചക്രവർത്തിയെ പിന്നിലാക്കിയാണ് ഹർഷൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാംസ്ഥാനത്തെത്തിയത്. 15 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് വരുണിന്റെ സമ്പാദ്യം. 13 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റ് നേടി മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രീത് ബുംറയാണ് മൂന്നാമത്.
ഐപിഎല്ലിൽ രണ്ട് തവണ പർപ്പിൾ ക്യാപ്പ് ജേതാവാകുന്ന മൂന്നാമത്തെ താരമാണ് ഹർഷൽ. ഇതിന് മുൻപ് 2021 സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമാണ് താരം പർപ്പിൾ ക്യാപ്പ് നേടുന്നത്. 2021 സീസണിലെ 15 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ ഐപിഎല്ലിന്റെ ചരിത്രത്തിൽ രണ്ട് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിക്കുമ്പോൾ പർപ്പിൾ ക്യാപ്പ് നേടിയ ആദ്യ താരമായി ഹർഷൽ മാറി.
ഭുവനേശ്വർ കുമാറിനും ഡ്വെയ്ൻ ബ്രാവോയുമാണ് ഹർഷലിന് മുൻപ് രണ്ട് തവണ പർപ്പിൾ ക്യാപ്പ് നേടിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായ ഭുവനേശ്വർ 2016ലും 2017ലും സീസണുകളിലാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി 2013, 2015 സീസണുകളിലാണ് പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത്.