അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് കിങ്‌സ്, ഗുജറാത്തിനെ ബാറ്റിങ്ങിന് അയച്ചു. ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി.
അര്‍ധ സെഞ്ചറിയുമായി ടീമിനെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് മുന്നില്‍ നിന്ന് നയിച്ചത്. 89 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഐപിഎല്‍ 17ാം സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. 4 സിക്‌സറുകളും 6 ഫോറുകളും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.
അവസാന ഓവറുകളില്‍ ഗില്ലിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ തെവാത്തിയ ഒരു സിക്‌സറും 3 ഫോറുകളും സഹിതം 8 പന്തില്‍ 23 റണ്‍സ് നേടി. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് 199 എന്ന മികച്ച ടോട്ടല്‍ ടൈറ്റന്‍സിന് സമ്മാനിച്ചത്.
പഞ്ചാബിന് വേണ്ടി കഗിസോ റബാദ 4 ഓവറുകളില്‍ 44 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ സ്വന്തമാക്കി.