ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴ് വിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. 58 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന റുതുരാജാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍.
കൊല്‍ക്കത്ത ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ചെന്നൈക്ക് ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് 27 റണ്‍സ് ചേര്‍ത്ത് ഭേദപ്പെട്ട തുടക്കം നല്‍കി. രചിന്‍ രവീന്ദ്ര(15) വൈഭവ് അറോറയുടെ പന്തില്‍ പുറത്തായശേഷം ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ റുതുരാജിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 70 റണ്‍സടിച്ചു. മിച്ചലിനെ നരെയ്ന്‍(19 പന്തില്‍ 25) പുറത്താക്കി.
പിന്നീടെത്തിയ ശിവം ദുബെയുടെ വെടിക്കെട്ട് ചെന്നൈയുടെ ജയം വേഗത്തിലാക്കി. വിജയത്തിനടുത്ത് ദുബെയെ (18 പന്തില്‍ 28) വൈഭവ് അറോറ മടക്കിയെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങിയ ധോണി ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 27 റണ്‍സെടുത്ത സുനില്‍ നരെയ്‌നും മാത്രമെ കൊല്‍ക്കത്തക്കായി തിളങ്ങിയുള്ളു.
ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തപ്പോള്‍ തുഷര്‍ ദേശ്പാണ്ഡെ 33 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുസ്തഫിസുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.