പാരീസ്: പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.ഉദ്ഘാടനത്തിന് ഒരു ദിവസം കൂടി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ പോരാട്ടം ഇന്ന് ആരംഭിക്കുന്നത്. ആർച്ചറി, പുരുഷ- വനിതാ റാങ്കിംഗ് മത്സരങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ ഇന്ന് മത്സരിക്കാനിറങ്ങുക.വനിതകൾ ഉച്ചയ്ക്ക് ഒരു മണിക്കും പുരുഷൻമാർ വൈകിട്ട് 5.45നും റാങ്കിംഗ് റൗണ്ടിനിറങ്ങും. റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിൻറെ അടിസ്ഥാനത്തിലാകും പ്രധാന റൗണ്ടിൽ കളിക്കാരുടെ സീഡിംഗ്.
വനിതാ വിഭാഗത്തിൽ ദീപികാ കുമാരി, അങ്കിതാ ഭഗത്, ഭജൻ കൗർ എന്നിവരും പുരുഷ വിഭാഗത്തിൽ ധീരജ് ബൊമ്മദേവരയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്. ടീം റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് ആർച്ചറി ടീമിനങ്ങളിൽ ഒളിമ്പിക്‌സ് ബെർത്ത് ലഭിച്ചത്. നാഷണൽ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ നാമനിർദേശത്തിലാണ് ദീപികാ കുമാരി യോഗ്യത നേടിയത്. വ്യക്തിഗത, ടീം, മിക്‌സഡ് ടീം ഇനങ്ങളിലാണ് മത്സരം.
പ്രധാന ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ അമ്പ് ഇതുവരെ ലക്ഷ്യത്തിൽ കൊണ്ടിട്ടില്ല.എന്നാൽ ഇത്തവണ ഉന്നം തെറ്റില്ലെന്ന് ഉറപ്പിച്ചാണ് താരങ്ങൾ പാരീസിൽ എത്തിയത്. അമ്പെയ്ത്തിൻറെ എല്ലാ മത്സര വിഭാഗങ്ങളിലും ഇന്ത്യൻ താരങ്ങൾ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. റാങ്കിംഗ് പോരാട്ടങ്ങളിൽ പങ്കെടുക്കുന്ന 128 കളിക്കാരും 72 അമ്പുകൾ വീതം ലക്ഷ്യത്തിലേക്ക് പായിക്കും.
ഇതിലെ അവസാന സ്കോർ കണക്കുകൂട്ടിയാണ് പ്രധാന റൗണ്ടിലെ കളിക്കാരുടെ സീഡിംഗ് തീരുമാനിക്കുക. ടീം സീഡിംഗ് താരങ്ങളുടെ ആകെ സ്കോർ കൂട്ടി നിർണയിക്കും. ആദ്യ നാലിലെത്തുന്ന പുരുഷ-വനിതാ ടീമുകൾക്ക് നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടും. അഞ്ച് മുതൽ 12വരെ സ്ഥാനങ്ങളിലെത്തുന്നവർ പ്രീ ക്വാർട്ടറിലെത്തും.
യോഗ്യതാ ചാംപ്യൻഷിപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക റാങ്കിങ് ക്വോട്ട തുണച്ചതോടെയാണ് ഇന്ത്യൻ സംഘം പാരിസിലേക്ക് ടിക്കറ്റുറപ്പിച്ചത്. തരുൺ ദീപിൻറെയും മുൻ ലോക ഒന്നാം നമ്പർ ദീപികാ കുമാരിയുടെയും നാലാം ഒളിംപിക്സാണിത്. ടീം ഇനങ്ങളിൽ 12 രാജ്യങ്ങളും മിക്സ്ഡ് ഇനത്തിൽ 5 ടീമുകളുമാണ് മത്സരിക്കുക. അമ്പെയ്ത്ത് ലോക ചാംപ്യൻഷിപ്പിൻറെ ചരിത്രത്തിൽ, ആദ്യമായി മെഡൽപ്പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ മികവുണ്ട് ഇന്ത്യക്ക്..