ഭുവനേശ്വര്‍ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ് സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതിക്ക് പിരിയുമ്പോള്‍ 2-2 എന്ന സമനിലയില്‍ നില്‍ക്കുന്നു. ആവേശകരമായ ആദ്യ പകുതിയാണ് കലിംഗ സ്റ്റേഡിയത്തില്‍ കാണാനായത്. 2-0ന് മുന്നില്‍ എത്തിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് 2-2ലേക്ക് വന്നത്.
മത്സരത്തില്‍ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് അറ്റാക്കാണ് കാണാന്‍ ആയത്. നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ശേഷം 18ആം മിനുട്ടില്‍ നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. ജിമനസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു നോഹയുടെ ഗോള്‍. താരത്തിന്റെ സീസണിലെ മൂന്നാം ഗോളാണിത്.
മൂന്ന് മിനുട്ട് കഴിയും മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍ വന്നു. ഇത്തവണ നോഹയുടെ പാസ് സ്വീകരിച്ച് ജിമനസ് പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് 2-0 ഒഡീഷ. 29ആം മിനുട്ടില്‍ ഒരു സെല്‍ഫ് ഗോള്‍ ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഒഡീഷയുടെ ഒരു ഫ്രീകിക്ക് ക്യാച്ച് ചെയ്യാന്‍ സച്ചിന്‍ പരാജയപ്പെട്ടതാണ് ഒഡീഷയുടെ ഗോളില്‍ കലാശിച്ചത്. 36ആം മിനുട്ടില്‍ ഡിഗോ മൗറിസിയോയിലൂടെ ഒഡീഷ സമനില നേടി. സ്‌കോര്‍ 2-2. ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിച്ചു.