ന്യൂഡല്‍ഹി: അച്ചടക്കലംഘനം നടത്തിയതിന് ഇന്ത്യന്‍ ഗുസ്തിതാരം അന്തിം പംഗലിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ). നേരത്തേ തന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് സഹോദരിയെ ഗെയിംസ് വില്ലേജില്‍ പ്രവേശിപ്പിച്ച അന്തിം പംഗലിന്റെ നടപടി ഇന്ത്യന്‍ ഒളിമ്പിക് സംഘത്തിന് നാണക്കേടായിരുന്നു. ഇതിനു പിന്നാലെയാണ് ഐഒഎ താരത്തെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
സ്വന്തം അക്രഡിറ്റേഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് അന്തിം പംഗലിനെയും ഒപ്പമുള്ളവരെയും പാരീസില്‍നിന്ന് തിരിച്ചയച്ചിരുന്നു. സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്സ് വില്ലേജില്‍ കയറ്റാന്‍ ശ്രമിച്ചതിനാണ് നടപടി. താരങ്ങള്‍ക്കും പരിശീലകര്‍ക്കും മാത്രമായി ഒരുക്കിയ ഒളിമ്പിക്‌സ് വില്ലേജില്‍ അന്തിമിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡുപയോഗിച്ച് നിഷ പ്രവേശിച്ചിരുന്നു. വനിതകളുടെ 53 കി.ഗ്രാം ഗുസ്തിയില്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റ് അന്തിം പുറത്തായിരുന്നു.
ആദ്യ റൗണ്ടിലെ തോല്‍വിക്ക് പിന്നാലെ അന്തിമും പരിശീലകരും ഹോട്ടലിലേക്ക് മടങ്ങിയിരുന്നു. ഇതിനാല്‍ ഗെയിംസ് വില്ലേജില്‍ സൂക്ഷിച്ച സാധനങ്ങള്‍ എടുക്കുന്നതിനായി സഹോദരിക്ക് സ്വന്തം അക്രഡിറ്റേഷന്‍ കാര്‍ഡ് കൈമാറുകയായിരുന്നു താരം. ഇതുമായി സഹോദരി നിഷ ഗെയിംസ് വില്ലേജില്‍ കടന്നിരുന്നു. പക്ഷേ, സാധനങ്ങളുമായി പുറത്തുകടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി. തുടര്‍ന്ന് ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പിന്നാലെ അന്തിം സ്റ്റേഷനില്‍ ഹാജരായതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചു.
തുടര്‍ന്ന് ഒളിമ്പിക്‌സ് അധികൃതര്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് നോട്ടീസ് നല്‍കി. ഇതോടെ താരത്തിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കുകയും താരത്തോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ഉടന്‍ തന്നെ ഫ്രാന്‍സ് വിട്ട് പോകാന്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ആവശ്യപ്പെടുകയായിരുന്നു.