‌പാരീസ് ഒളിംപിക്സ് ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമെന്റ്; വിരമിക്കൽ പ്രഖ്യാപിച്ച്  ഹോക്കി താരം പി ആർ ശ്രീജേഷ്

സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്.36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിൻറെ സഹപരിശീലകനാകുമെന്നാണ് സൂചന.

author-image
Greeshma Rakesh
New Update
sreejesh

pr sreejesh

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: വിരമിക്കൽ പ്രഖ്യാപിച്ച്  ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സായിരിക്കും ഇന്ത്യൻ കുപ്പായത്തിൽ ഇതിഹാസ താരത്തിന്റെ അവസാന ടൂർണമെൻറ്.സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്.36-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിൻറെ സഹപരിശീലകനാകുമെന്നാണ് സൂചന.

എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിൻറെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എൻറെ അവസാന അങ്കത്തിൻറെ പടിക്കൽ നിൽക്കുമ്പോൾ, എൻറെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയിൽ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നൽകുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിൻറെ വികാരനിർഭരമായ കുറിപ്പ്.

2006മുതൽ ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യക്കായി കളിച്ചു .ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോക്കി ടീം നായകനെന്ന നിലയിലും ഗോൾ കീപ്പറെന്ന നിലിയലും ഒന്നര ദശകത്തോളം തകരാത്ത വിശ്വാസമായി ഇന്ത്യക്ക് കാവൽ നിന്ന ശ്രീജേഷ് 2016ലെ റിയോ ഒളിംപിക്സിൽ ഇന്ത്യയെ നയിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷ് ഗോൾ പോസ്റ്റിന് മുകളിൽ കയറിയിരിക്കുന്ന ചിത്രം ആരാധകർ ഇന്നും മറന്നിട്ടില്ല. 2014 ഏഷ്യൻ ഗെയിംസിലും 2022ൽ ഏഷ്യൻ ഗെയിംസിലും ഇന്ത്യക്ക് സ്വർണം സമ്മാനിച്ചതും ശ്രീജേഷിൻറെ കൈക്കരുത്തായിരുന്നു.

2004-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ശ്രീജേഷ് ഇന്ത്യയുടെ ജൂനിയർ ടീമിലെത്തിയത്. 2006-ൽ കൊളംബോയിൽ നടന്ന സാഫ് ഗെയിംസിലായിരുന്നു സീനിയർ ടീമിലെ അരങ്ങേറ്റം. 2008ലെ ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയു കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ശ്രീജേഷ് ടൂർണമെൻറിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയതോടെ സീനിയർ ടീമിലേക്ക് വീണ്ടും വിളിയെത്തി. സീനിയർ ഗോൾകീപ്പർമാരായ അഡ്രിയാൻ ഡിസൂസയുടെയും ഭരത് ചേത്രിയുടെയും പ്രതാപ കാലത്ത് ദേശീയ ടീമിൽ വന്നും പോയുമിരുന്ന ശ്രീജേഷ് ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിലെ സ്ഥിരാംഗമായി.

2013ൽ നടന്ന ഏഷ്യാ കപ്പിൽ  മികച്ച ഗോൾ കീപ്പറായി ശ്രീജേഷ് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 2014ൽ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, പാകിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ രക്ഷിച്ച് രാജ്യത്തിൻറെ വീരനായകനായതിനൊപ്പം ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു. 2014,2018 ചാമ്പ്യൻസ് ട്രോഫിയിയിൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജേഷ് 2016ലെ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന് വെള്ളി മെഡൽ സമ്മാനിച്ച നായകനുമായി. 2016ലെ റിയോ ഒളിംപിക്സിൽ ശ്രീജേഷിൻറെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്ക് ക്വാർട്ടർ കടക്കാനായില്ലെങ്കിലും 2020ൽ വെങ്കലം നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയത് ശ്രീജേഷിൻറെ മികവിലായിരുന്നു. ലോംഗ് ജംപ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ.





 

paris olympics 2024 indian hockey team retirement PR Sreejesh