ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഗൗതം ഗംഭീര്‍, വിവിഎസ് ലക്ഷ്മണ്‍, വിദേശ പരിശീലകനായി സ്റ്റീഫന്‍ ഫ്ളെമിങ്, റിക്കി പോണ്ടിംഗ് എന്നിങ്ങനെ നിരവധി പേരുകള്‍ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രസകരമായ സംഭവം എന്തെന്നാല്‍ പരിശീലക സ്ഥാനത്തേക്ക് ക്രിക്കറ്റ് ആരാധകരും അപേക്ഷ അയക്കുന്നുണ്ട്. നിരവധി പേരാണ് അപേക്ഷ അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹ്യ മാധ്യമത്തില്‍ പങ്കുവെക്കുന്നത്.
ബിസിസിഐ അപേക്ഷ ക്ഷണിച്ചതിനോടൊപ്പം ചേര്‍ത്ത ഗൂഗിള്‍ ഫോം വഴിയാണ് ആരാധകര്‍ അപേക്ഷകള്‍ കൂട്ടമായി അയച്ചത്. കൃത്യമായ യോഗ്യതകളും കഴിവുകളും ബിസിസിഐ ചൂണ്ടി കാട്ടുന്നുണ്ടെങ്കിലും ആര്‍ക്കും അപേക്ഷിക്കാവുന്ന ഫോര്‍മാറ്റിലാണ് ഗൂഗിള്‍ ഫോം ഉള്ളത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും ലക്ഷ്യം കണ്ടാണ് പുതിയ നിയമനം.
ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം. അല്ലെങ്കില്‍ ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവര്‍ത്തിച്ചുള്ള രണ്ടുവര്‍ഷത്തെ പരിചയമെങ്കിലും വേണം. അസോസിയേറ്റ് അംഗ രാജ്യത്തിന്റെ അല്ലെങ്കില്‍ ഐപിഎല്‍ അല്ലെങ്കില്‍ തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെയോ, ഫസ്റ്റ് ക്ലാസ് ടീമിന്റെയോ, ദേശീയ എ ടീമിന്റെയോ പരിശീലകനായുള്ള മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. കൂടാതെ ബിസിസിഐ ലെവല്‍ 3 സര്‍ട്ടിഫിക്കേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പ്രായം 60 വയസ്സില്‍ കൂടാനും പാടില്ല.