സിംബാബ്‌വേയ്‌ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം. 23 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നില്‍ എത്തി. ഇന്ത്യ ഉയര്‍ത്തിയ 183 എന്ന ലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെക്ക് 159 റണ്‍സ് മാത്രമെ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി വാഷിങ്ടന്‍ സുന്ദര്‍ 3 വിക്കറ്റും ആവേശ് ഖാന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി. 37 റണ്‍സ് എടുത്ത മദാന്ദെയും 65 റണ്‍സ് എടുത്ത മയേര്‍സും മാത്രമാണ് സിംബാബ്വെക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്. അവസാനം മയേര്‍സ് ഒറ്റയ്ക്ക് പൊരുതി എങ്കിലും സിംബാബ്വെക്ക് 158 റണ്‍സ് വരെയെ എത്താന്‍ ആയുള്ളൂ.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 182 റണ്‍സാണ് നേടിയത്. യശസ്വി ജൈസ്വാളും ശുഭ്മന്‍ ഗില്ലും നേടിയ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ സ്‌കോര്‍ നേടിയത്. ഓപ്പണര്‍മാരായ ജൈസ്വാള്‍ ഗില്‍ കൂട്ടുകെട്ട് 67 റണ്‍സാണ് നേടിയത്. 36 റണ്‍സ് നേടിയ ജൈസ്വാളിനെ സിക്കന്ദര്‍ റാസ പുറത്താക്കിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ അഭിഷേക് ശര്‍മ്മയെയും റാസ തന്നെയാണ് പുറത്താക്കിയത്. അതിന് ശേഷം 72 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ഗില്‍ ഗായക്വാഡ് കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. സഞ്ജു സാംസണ്‍ 7 പന്തില്‍ നിന്ന് 12 റണ്‍സുമായി പുറത്താകാതെ നിന്നു.