ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ബുധനാഴ്ച ബെംഗളൂരുവില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി മഴയാണ്. രാവിലെ 9.30 മുതല്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കളത്തിലിറങ്ങുന്നത്. ഇതിനിടയില്‍ പെയ്യുന്ന തുടര്‍ച്ചയായ മഴ വില്ലനാകുന്നുണ്ട്.
അതേസമയം, കിവീസിനെതിരായ പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റു നേടാനുള്ള വ്യഗ്രതയിലാണ് ഇന്ത്യ. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനം ഏറക്കുറെ ഉറപ്പിക്കാം. അതിനിടെയാണ് ബെംഗളൂരുവില്‍ മഴ കനത്തത്. ചൊവ്വാഴ്ച രാവിലെമുതല്‍ തുടര്‍ച്ചയായി മഴപെയ്യുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിനല്‍കിയിട്ടുമുണ്ട്. ആദ്യ രണ്ടുദിവസം മഴ കളിമുടക്കാന്‍ സാധ്യതയേറെയാണ്.
ഇപ്പോള്‍ പോയിന്റുപട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഇതുകഴിഞ്ഞാല്‍ ഓസ്ട്രേലിയക്കെതിരേ അഞ്ചുടെസ്റ്റുകളുണ്ട്. അത് അവരുടെ നാട്ടിലാണ്. അടുത്തജൂണില്‍ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ രണ്ടുതവണയും ഫൈനല്‍കളിച്ച ഇന്ത്യക്ക് കപ്പ് നേടാനായില്ല. ഈയിടെ ബംഗ്ലാദേശിനെതിരേ രണ്ടുദിവസം കൊണ്ട് കളി ജയിച്ച് പരമ്പര 2-0ത്തിന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് നിലവിലെ ഫോമില്‍ ന്യൂസീലന്‍ഡ് കടുത്ത എതിരാളിയാകില്ല.
ടിം സൗത്തി നായകസ്ഥാനത്തുനിന്നു മാറിയതിന്റെ ആശങ്കകളുണ്ട്. പകരം സ്ഥാനമേറ്റെടുത്ത ടോം ലാഥത്തിന് നായകസ്ഥാനത്ത് വലിയ പരിചയസമ്പത്തില്ല. അതിനിടെ, മുന്‍നായകന്‍ കെയ്ന്‍ വില്യംസണ് പരിക്കേറ്റതും തിരിച്ചടിയായി. വില്യംസണ്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഈയിടെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിന് തോറ്റതും കിവീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.
ശുഭ്മാന്‍ ഗില്ലിന് ചെറിയ ആരോഗ്യപ്രശ്‌നമുള്ളത് ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്ത്യന്‍ ടീം സജ്ജമാണ്. ഗില്ലിന് കളിക്കാനായില്ലെങ്കില്‍ സര്‍ഫ്രാസ് ഖാന് ഇടംകിട്ടും. അങ്ങനെയെങ്കില്‍ മൂന്നാംനമ്പറില്‍ കെ.എല്‍. രാഹുല്‍ ഇറങ്ങും. ബാറ്റിങ്ങില്‍ രോഹിത്, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ഋഷഭ് പന്ത് എന്നിവരുടെ കാര്യത്തില്‍ മാറ്റത്തിന് സാധ്യതയില്ല.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ്ദീപ് എന്നീ മൂന്നുപേസര്‍മാരും ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. കിവീസിനെതിരേ, മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആകാശിനുപകരം അക്സര്‍ പട്ടേല്‍/കുല്‍ദീപ് യാദവ് എന്നിവരിലൊരാള്‍ക്ക് നറുക്കുവീഴും. കഴിഞ്ഞദിവസം ബുംറയെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിരുന്നു.