ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു ഓപ്പണറാകാൻ സാധ്യത

ഒരാഴ്ചമുൻപ്‌ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ 2-0ത്തിന് തോൽപ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്.

author-image
Vishnupriya
New Update
suryakumar-yadav-doubtfull-for-duleep-trophy-after-injury-in-buchi-babu-will-sanju-samson-get-call-to-team

ഗ്വാളിയർ: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഗ്വാളിയറിൽ തുടക്കം. ഒരാഴ്ചമുൻപ്‌ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ 2-0ത്തിന് തോൽപ്പിച്ചശേഷം ഇന്ത്യയുടെ ആദ്യ മത്സരമാണിത്. എന്നാൽ ടെസ്റ്റ് ടീമിലെ ഒരാൾപ്പോലും ട്വന്റി-20 മത്സരത്തിനില്ല. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുവനിരയ്ക്ക് പ്രാധാന്യം നൽകുന്നു. ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരെ ഉൾപ്പെടുത്തിയാണ് ബംഗ്ലാദേശ് വരുന്നത്. ഇന്ത്യയുടെ മായങ്ക് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഇതുവരെ അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. ഇന്ത്യൻ ടീമിലെ എല്ലാവരും ചേർന്ന് കളിച്ചത് 389 അന്താരാഷ്ട്ര മത്സരം മാത്രം.

വിക്കറ്റ് കീപ്പർമാരായി മലയാളിയായ സഞ്ജു സാംസൺ, ജിതേഷ് ശര്‍മ എന്നിവർ ടീമിലുണ്ടെങ്കിലും സഞ്ജുവിന് മുൻഗണനകിട്ടും. കൂടാതെ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറായി ഇറങ്ങാനും സാധ്യതയുണ്ട്. തുടർന്ന് സൂര്യകുമാർ യാദവ്, റിയാൻ പരാഗ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരുണ്ടാകും. ഫിനിഷർ റോളിൽ റിങ്കുസിങ്ങുമുണ്ട്.

ഐ.പി.എലിൽ തുടർച്ചയായ അതിവേഗ പന്തുകൾ എറിഞ്ഞ് ശ്രദ്ധനേടിയ പേസർ മായങ്ക് യാദവ് മാച്ചിൽ അരങ്ങേറ്റംകുറിച്ചേക്കും. പരിചയസമ്പന്നനായ ഇടംകൈ പേസർ അർഷ്ദീപ് സിങ്ങും കൂടെയുണ്ടാകും. സ്പിന്നർമാരായി രവി ബിഷ്‌ണോയ്, വാഷിങ്ടൺ സുന്ദർ എന്നിവരായിരിക്കും ഇറങ്ങുക. ഐ.പി.എൽ. ലേലം അടുത്തെത്തിയിരിക്കേ, താരങ്ങൾക്ക് മൂല്യം ഉയർത്താനുള്ള അവസരംകൂടിയാണിത്.

ഗ്വാളിയറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. അതുകൊണ്ടുതന്നെ പിച്ചിനെക്കുറിച്ച് ടീമുകൾക്ക് മുൻവിധിയില്ല. നജ്മുൽ ഹൊസാൻ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിൽ പരിചയസമ്പന്നരായ ലിട്ടൺ ദാസ്, മെഹ്ദി ഹസ്സൻ മിറാസ്, തൗഹീദ് ഹൃദോയ്, മഹ്‌മൂദുള്ള, ടസ്‌കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്‌മാൻ തുടങ്ങിയവരുണ്ട്.

india vs bengladesh