പരാജയം ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

ത്സരം അവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. രണ്ട് ദിവസത്തെ കളി ശേഷിക്കേ ന്യൂസീലന്‍ഡിന് ഒപ്പമെത്താന്‍ ഇനിയും 125 റണ്‍സ് വേണം

author-image
Prana
New Update
kohli

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍ക്കാതിരിക്കാന്‍ ഇന്ത്യ പൊരുതുന്നു.  ഒന്നാമിന്നിങ്‌സില്‍ ദയനീയമായി തകര്‍ന്ന ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ തിരിച്ചുവരവിനായി പൊരുതുകയാണ്. മൂന്നാം ദിവസത്തെ അവസാന പന്തില്‍ വിരാട് കോഹ്ലി പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. മത്സരം അവസാനിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. രണ്ട് ദിവസത്തെ കളി ശേഷിക്കേ ന്യൂസീലന്‍ഡിന് ഒപ്പമെത്താന്‍ ഇനിയും 125 റണ്‍സ് വേണം. 46 റണ്‍സ് എന്ന ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ 402 റണ്‍സാണ് ന്യൂസീലന്‍ഡ് നേടിയത്. 356 റണ്‍സിന്റെ ലീഡ്.
ആദ്യ ഇന്നിങ്‌സില്‍ നിന്ന് വിപരീതമായി കൂടുതല്‍ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് 72 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 35 റണ്‍സെടുത്ത യശസ്വിയെ പുറത്താക്കി അജാസ് പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 52 റണ്‍സെടുത്ത രോഹിത് ശര്‍മയും പുറത്തായി.
മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും സര്‍ഫറാസ് ഖാനുമാണ് പിന്നീട് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. ഇരുവരും 136 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മൂന്നാം ദിവസത്തെ അവസാന പന്തില്‍ കോലിയെ പുറത്താക്കി ഗ്ലെന്‍ ഫിലിപ്‌സ് കിവീസിന് വീണ്ടും മുന്‍തൂക്കം നല്‍കി. 102 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 70 റണ്‍സാണ് കോലി അടിച്ചെടുത്തത്. 78 പന്തില്‍ 70 റണ്‍സുമായി സര്‍ഫറാസ് ക്രീസിലുണ്ട്.
രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ ഇന്ത്യന്‍ വംശജന്‍ കൂടിയായ രചിന്‍ രവീന്ദ്രയാണ് മൂന്നാം ദിനം കിവീസ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 157 പന്തുകള്‍ നേരിട്ട് നാലു സിക്‌സും 13 ഫോറുമടക്കം 134 റണ്‍സെടുത്ത രചിനാണ് അവസാനം പുറത്തായ കിവീസ് ബാറ്റര്‍. 73 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 65 റണ്‍സെടുത്ത ടിം സൗത്തി രചിന് ഉറച്ച പിന്തുണ നല്‍കി. എട്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 137 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.
മൂന്നിന് 180 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങിനിറങ്ങിയ കിവീസിന് 18 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്‍ഡെല്‍ (5), ഗ്ലെന്‍ ഫിലിപ്‌സ് (14), മാറ്റ് ഹെന്റി (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഏഴിന് 233 റണ്‍സെന്ന നിലയിലായിരുന്ന കിവീസിനെ പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച രചിന്‍  സൗത്തി സഖ്യമാണ് മികച്ച നിലയിലേക്കെത്തിച്ചത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 46 റണ്‍സിന് പുറത്തായിരുന്നു. മഴകാരണം മൂന്നുദിവസമായി മൂടിവെച്ച ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് വലിയ അബദ്ധമായി. ക്യാപ്റ്റന്‍ ടോം ലാഥം (15), വില്‍ യങ് (33), ഡെവോണ്‍ കോണ്‍വെ (91) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം കിവീസിന് നഷ്ടമായത്.

 

kohli Sarfaraz Khan India vs New Zealand cricket test