ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ രണ്ടാംദിനം അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് മേല്‍ക്കൈ. 227 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), യശസ്വി ജയ്‌സ്വാള്‍ (10), വിരാട് കോലി (17) എന്നിവരാണ് പുറത്തായത്. 33 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 12 റണ്‍സോടെ ഋഷഭ് പന്തും ക്രീസില്‍ തുടരുന്നു. തസ്‌കിന്‍ അഹ്മദ്, നഹിദ് റാണ, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സ് ഉയര്‍ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ 227 റണ്‍സ് ലീഡ് ലഭിച്ചു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
12.5 ഓവറില്‍ 40 റണ്‍സിനിടെത്തന്നെ ബംഗ്ലാദേശിന്റെ അഞ്ച് മുന്‍നിര ബാറ്റര്‍മാര്‍ പുറത്തായിരുന്നു. ആറാം വിക്കറ്റില്‍ ഷാക്കിബ് അല്‍ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്നാണ് ചെറിയ തരത്തിലെങ്കിലും പ്രതിരോധ തീര്‍ത്തു എന്ന് പറയാനാവുന്ന ഇന്നിങ്‌സ് കാഴ്ചവെച്ചത്. ഇരുവരും 51 റണ്‍സിന്റെ കൂട്ടുകെട്ട് നടത്തി. 64 പന്തില്‍ 32 റണ്‍സ് നേടിയ ഷാക്കിബ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മെഹ്ദി ഹസന്‍ മിറാസ് പുറത്താവാതെ 27 റണ്‍സ് നേടിയപ്പോള്‍, ലിറ്റണ്‍ ദാസ് 22 റണ്‍സ് നേടി പുറത്തായി.
11 ഓവറില്‍ 50 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റെടുത്ത ബുംറ ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് തെളിയിച്ചു. ബാറ്റിങ്ങില്‍ മിന്നിയ അശ്വിന്‍ 13 ഓവര്‍ എറിഞ്ഞെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ആകാശ് ദീപ് അഞ്ചോവറെറിഞ്ഞാണ് രണ്ട് വിക്കറ്റ് നേടിയത്. സിറാജ് 10.1 ഓവറില്‍ 30 റണ്‍സ് വഴങ്ങിയും ജഡേജ എട്ടോവറില്‍ 19 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകളെടുത്തു.
ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരായ ശദ്മാന്‍ ഇസ്‌ലാം (2), സാക്കിര്‍ ഹസന്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (20) മൊമീനുല്‍ (0), മുഷ്ഫിഖുര്‍റഹീം (8), ഹസന്‍ മഹ്മൂദ് (9), തസ്‌കിന്‍ അഹ്മദ് (11), നഹിദ് റാണ (11) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 376 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 339എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. അശ്വിന്‍ സെഞ്ചുറിയോടെ തിളങ്ങി.
രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ജഡേജയെ(86) നഷ്ടമായി. പിന്നാലെ ആകാശ് ദീപും അശ്വിനും മടങ്ങി. ആകാശ്ദീപ് 17 റണ്‍സെടുത്തു. അശ്വിന്‍ 113 റണ്‍സെടുത്താണ് മടങ്ങിയത്. ജസ്പ്രീത് ബുംറ ഏഴ് റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് അഞ്ച് വിക്കറ്റും ടസ്‌കിന്‍ അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തേ ആദ്യ ദിനം ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 144ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്ന് തുടങ്ങിയ ഇരുവരും ടീം സ്‌കോര്‍ ആദ്യ ?ദിനം 339 ലെത്തിച്ചു.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഒഴിച്ചാല്‍, മുന്‍നിര ബാറ്റര്‍മാര്‍ പരാജയമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആറു റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ ശുഭ്മാന്‍ ഗില്‍, സ്‌കോര്‍ ബോര്‍ഡില്‍ ഒന്നും ചേര്‍ത്തില്ല. 34 റണ്‍സിനിടെ മൂവരും പുറത്തായതോടെ ഇന്ത്യ വന്‍ അപകടം മണത്തു. ടീം സ്‌കോര്‍ 96ല്‍ നില്‍ക്കേ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും പുറത്തായി.
41ാം ഓവറില്‍ ടീം സ്‌കോര്‍ 144ല്‍ നില്‍ക്കേ ജയ്‌സ്വാളും കെ.എല്‍. രാഹുലും മടങ്ങി. 118 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോര്‍ സഹിതം 56 റണ്‍സ് നേടിയ ജയ്‌സ്വാളിനെ നാഹിദ് റാണ ശദ്മാന്‍ ഇസ്‌ലാമിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 56 പന്തില്‍ 16 റണ്‍സെടുത്ത കെ.എല്‍. രാഹുല്‍, മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ സാകിര്‍ ഹസന് ക്യാച്ച് നല്‍കിയും മടങ്ങി.