സ്പിന്‍ കെണിയില്‍ വീണത് ഇന്ത്യ തന്നെ; ന്യൂസിലന്‍ഡ് വന്‍ ലീഡിലേക്ക്

ആദ്യ ഇന്നിങ്‌സില്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ക്കു മുന്നില്‍ തകര്‍ന്നുവീണ ഇന്ത്യ 156നു പുറത്തായിരുന്നു. 103 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്.

author-image
Prana
New Update
kohli bowled

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ശക്തമായ നിലയില്‍. ആദ്യ ഇന്നിങ്‌സില്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ക്കു മുന്നില്‍ തകര്‍ന്നുവീണ ഇന്ത്യ 156നു പുറത്തായിരുന്നു. 103 റണ്‍സിന്റെ ലീഡുമായി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. അഞ്ചു വിക്കറ്റ് ശേഷിക്കേ ന്യൂസിലന്‍ഡിന് ഇപ്പോള്‍ 301 റണ്‍സ് ലീഡായി. ക്യാപ്റ്റന്‍ ടോം ലാഥം 87 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി ആദ്യ ഇന്നിംഗ്‌സിലെ ഹീറോ വാഷിങ്ടന്‍ സുന്ദര്‍ തന്നെ ഇത്തവണയും തിളങ്ങി. ഇതുവരെ വീണ അഞ്ചില്‍ നാലു വിക്കറ്റും സുന്ദറിനാണ്.
നേരത്തെ രണ്ടാം ദിനം ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 72 പന്തില്‍ 30 റണ്‍സെടുത്ത ഗില്ലിനെ മിച്ചല്‍ സാന്റ്‌നര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. പിന്നാലെ വിരാട് കോലി (1)യും ക്രീസ് വിട്ടു. അടുത്തത് യശസ്വി ജയ്‌സ്വാളിന്റെ ഊഴം. 60 പന്തില്‍ 30 റണ്‍സെടുത്ത യശസ്വിയെ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കി. 18 റണ്‍സെടുത്ത ഋഷഭ് പന്തിനും അധികം ആയുസുണ്ടായിരുന്നില്ല. സര്‍ഫറാസ് ഖാന്‍ 11 റണ്‍സിനും അശ്വിന്‍ നാല് റണ്‍സെടുത്തും പുറത്തായി. അക്ഷര്‍ദീപ് ആറ് റണ്‍സ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയ്ക്ക് അക്കൗണ്ട് തുറക്കാനായില്ല. 21 പന്തില്‍ 18 റണ്‍സോടെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകാതെ നിന്നു.
മിച്ചല്‍ സാന്റ്‌നറുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ നടുവൊടിച്ചത്. രണ്ട് വിക്കറ്റോടെ ഗ്ലെന്‍ ഫിലിപ്‌സും ഒരു വിക്കറ്റുമായി ടിം സൗത്തിയും പിന്തുണ നല്‍കി.
നേരത്തെ ഒന്നാമിന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങ് മികവിലാണ് ഇന്ത്യ കിവീസിനെ 259 റണ്‍സിന് ഒതുക്കിയത്. കുല്‍ദീപ് യാദവിന് പകരമെത്തിയ സുന്ദര്‍ 23.1 ഓവര്‍ എറിഞ്ഞ് ഏഴ് വിക്കറ്റാണ് പിഴുതത്. അഞ്ചാം ടെസ്റ്റ് കളിക്കുന്ന സുന്ദറിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. ബാക്കി മൂന്ന് വിക്കറ്റുകള്‍ മറ്റൊരു ഓഫ് സ്പിന്നറും സുന്ദറിന്റെ നാട്ടുകാരനുമായ ആര്‍. അശ്വിന്‍ വീഴ്ത്തി. ഒരു ഇന്നിങ്‌സിലെ മുഴുവന്‍ വിക്കറ്റുകളും ഓഫ് സ്പിന്നര്‍മാര്‍ വീഴത്തുക എന്ന അപൂര്‍വതയ്ക്കും പുണെ ടെസ്റ്റ് വേദിയായി.
മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയ്ക്കും മോശം തുടക്കമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്‍പത് പന്ത് നേരിട്ട് ഒരു റണ്‍ പോലുമെടുക്കാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ ഒന്ന് മാത്രമായിരുന്നു. രോഹിത്തിനെ ടിം സൗത്തി ബൗള്‍ഡാക്കുകയായിരുന്നു. ബെംഗളൂരുവിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

 

India vs New Zealand santner cricket test spinner