ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് ലീഡ്. നാലാംദിനം 34.4 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 285ന് ഒന്‍പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ ലീഡ്. 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവസാനത്തെ നാല് വിക്കറ്റുകളും വീണു. രണ്ടാംഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് നാലാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്. ശദ്മാന്‍ ഇസ്‌ലാമും മോമിനുല്‍ ഹഖുമാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍, ഹസന്‍ മഹ്മൂദ് എന്നിവര്‍ പുറത്തായി. നാളെ ബംഗ്ലാദേശിനെ വേഗത്തില്‍ എറിഞ്ഞിട്ട് വിജയത്തിലേക്ക് കുതിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രണ്ടുദിവസം പൂര്‍ണമായും ഒരുദിവസം ഭാഗികമായും മഴയെടുത്തതോടെ വേഗത്തിലുള്ള കളിനീക്കമാണ് ഇന്ത്യ ലക്ഷ്യംവെച്ചത്. 10.1 ഓവറില്‍ ആതിഥേയര്‍ 100 കടന്നു. 72 റണ്‍സെടുത്ത യശസ്വി ജയ്്‌സ്വാളും 68 റണ്‍സോടെ കെ.എല്‍. രാഹുലുമാണ് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത്. വിരാട് കോലി (47), ശുഭ്മാന്‍ ഗില്‍ (39) ക്യാപ്റ്റന്‍ രോഹിത് ശര്‍മ (23) എന്നിവരും തരക്കേടില്ലാത്ത സംഭാവന നല്‍കി. ഷാക്കിബ് ഹസനും മെഹിദി ഹസന്‍ മിറാസും നാലുവീതം വിക്കറ്റുകള്‍ നേടി ഇന്ത്യയുടെ വന്‍ കുതിപ്പിന് തടയിട്ടു.
നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മോമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ ജയ്‌സ്വാളും രോഹിത്തും മികച്ച തുടക്കമാണ് നല്‍കിയത്. ടീം മൂന്നോവറില്‍ തന്നെ അമ്പത് കടന്നു. ജയ്‌സ്വാളായിരുന്നു കൂടുതല്‍ അപകടകാരി. ടീം സ്‌കോര്‍ 55 നില്‍ക്കേ രോഹിത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 11 പന്തില്‍ നിന്ന് ഒരു ഫോറും മൂന്ന് സിക്‌സറുകളുമടക്കം രോഹിത് 23 റണ്‍സെടുത്തു.
നാലാം ദിനം തുടക്കത്തില്‍ തന്നെ 11 റണ്‍സെടുത്ത മുഷ്ഫിഖര്‍ റഹീമിനെ ബംഗ്ലാദേശിന് നഷ്ടമായി. ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ മോമിനുള്‍ ഹഖാണ് ബംഗ്ലാദേശിന് കരുത്തായത്. മോമിനുല്‍ പുറത്താവാതെ 107 റണ്‍സ് നേടി. വിക്കറ്റുകള്‍ വീഴുമ്പോഴും മൊമിനുള്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ലിട്ടണ്‍ ദാസ് (13), ഷാക്കിബ് അല്‍ ഹസന്‍(9), തൈജുള്‍ ഇസ്ലാം(5), ഹസന്‍ മഹ്മുദ് (1) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മെഹ്ദി ഹസന്‍ 20 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റെടുത്തു. സിറാജ്, അശ്വിന്‍, ആകാശ് ദ്വീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
മഴ മൂലം കഴിഞ്ഞ രണ്ട് ദിവസവും കളി മുടങ്ങിയിരുന്നു. ഞായറാഴ്ച മഴ പെയ്തില്ലെങ്കിലും ഔട്ട്ഫീല്‍ഡ് നനഞ്ഞുകിടന്നതിനാല്‍ മത്സരം തുടങ്ങാനായിരുന്നില്ല. കഴിഞ്ഞ മൂന്നുദിവസത്തിനിടെ, വെള്ളിയാഴ്ച എറിഞ്ഞ 35 ഓവര്‍ മാത്രമാണ് കളിച്ചത്. അതിന് ശേഷം തിങ്കളാഴ്ചയാണ് വീണ്ടും ബാറ്റിങ് തുടരുന്നത്.