ഹരാരെ: അഞ്ചാം ട്വന്റി20യില്‍ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം. ഇന്ത്യ 168 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ്‌വെ 18.3 ഓവറില്‍ 125 റണ്‍സെടുത്ത് പുറത്തായി.
ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു. നാലാം ട്വന്റി20 ജയിച്ച് ഇന്ത്യ നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
തദിവനഷെ മരുമണി (24 പന്തില്‍ 27), ഡിയോണ്‍ മയേഴ്സ് (32 പന്തില്‍ 34), ഫറാസ് അക്രം (13 പന്തില്‍ 27) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെയ്ക്കായി തിളങ്ങിയത്. പവര്‍പ്ലേ ഓവറുകളില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെടുത്ത സിംബാബ്‌വെയ്ക്ക്, 100 തികയ്ക്കാന്‍ 16.2 ഓവറുകള്‍ വേണ്ടിവന്നു.
19ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പേസര്‍ മുകേഷ് കുമാര്‍ വീഴ്ത്തി. മുകേഷ് കുമാര്‍ നാലു വിക്കറ്റുകള്‍ സ്വന്തമാക്കി. ശിവം ദുബെ രണ്ടു വിക്കറ്റുകളും തുഷാര്‍ ദേശ്പാണ്ഡെ, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റു നഷ്ടത്തില്‍ 167 റണ്‍സെടുത്തു. വൈസ് ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 45 പന്തുകള്‍ നേരിട്ട സഞ്ജു 58 റണ്‍സെടുത്തു.
രണ്ടു സിക്‌സുകളടിച്ച് തുടങ്ങിയ യശസ്വി ജയ്‌സ്വാള്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായി. അഞ്ച് പന്തില്‍ 12 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. സിക്കന്ദര്‍ റാസയുടെ പന്തില്‍ യശസ്വി ബോള്‍ഡായി.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (14 പന്തില്‍ 13), അഭിഷേക് ശര്‍മയും (11 പന്തില്‍ 14) പുറത്തായി. സഞ്ജു സാംസണും റിയാന്‍ പരാഗും ചേര്‍ന്നതോടെ 12.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 24 പന്തുകള്‍ നേരിട്ട പരാഗ് 22 റണ്‍സെടുത്തു മടങ്ങി.
സ്‌കോര്‍ 135 ല്‍ നില്‍ക്കെ ബ്ലെസിംഗ് മുസറബാനിയുടെ പന്തില്‍ തദിവനഷെ മരുമണി ക്യാച്ചെടുത്ത് സഞ്ജു സാംസണെ പുറത്താക്കി. 12 പന്തുകള്‍ നേരിട്ട ശിവം ദുബെ 26 റണ്‍സെടുത്തു പുറത്തായി. സിംബാബ്‌വെയ്ക്കായി ബ്ലെസിങ് മുസറബാനി രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.