പാരിസ്: ഇന്ത്യ, ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കി സെമിയില്‍. ബ്രിട്ടനെതിരെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ വിജയം.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലെത്തി. ഇതോടെയാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തിലുടനീളം ഇന്ത്യന്‍ ഗോള്‍മുഖത്ത് ശ്രീജേഷ് നിറഞ്ഞുനിന്നു. ശ്രീജേഷിന്റെ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ പലപ്പോഴും മത്സരത്തില്‍ നിലനിര്‍ത്തിയത്. ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലും രക്ഷകനായത് ശ്രീജേഷാണ്.
പ്രതിരോധത്തിലെ കരുത്തന്‍ അമിത് റോഹിദാസ് രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ത്തന്നെ ബ്രിട്ടിഷ് താരത്തിന്റെ മുഖത്ത് സ്റ്റിക്ക് തട്ടിച്ചതിനാണ് റെഡ് കാര്‍ഡ് ലഭിച്ചത്. നേരത്തെ, ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങും (22ാം മിനിറ്റ്) ബ്രിട്ടനായി ലീ മോര്‍ട്ടനും (27ാം മിനിറ്റ്) നേടിയ ഗോളുകളാണ് മത്സരം നിശ്ചിത സമയത്ത് സമനിലയില്‍ എത്തിച്ചത്.
52 വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം ഒളിംപിക്‌സ് വേദിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. പിന്നാലെ ഇരട്ടി മധുരമായി ബ്രിട്ടനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയിലും കടന്നു. പൂള്‍ ബിയില്‍ ബല്‍ജിയത്തിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്.