ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ വമ്പൻ ജയവുമായി ഇന്ത്യ.280 റൺസിനാണ് ഇന്ത്യയുടെ തകർപ്പൻ വിജയം.515 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം 234 റൺസിന് ഓൾ ഔട്ടായി.82 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൾ ഹൗസൈൻ ഷാൻറോ മാത്രമാണ് ബംഗ്ലാദേശിനായി പോരാടിയത്.
ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ അശ്വിൻ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തി മത്സരത്തിലെ താരമായി മാറി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തു.ഈ ജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്.അതെസമയം പരമ്പരയിലെ രണ്ടാം ടെസ്റ്റ് 27ന് കാൺപൂരിൽ ആരംഭിക്കും.
സ്കോർ ഇന്ത്യ :276, 287-4, ബംഗ്ലാദേശ് :149, 234
നാലിന് 158 എന്ന നിലയിൽ നാലാം ദിനം ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ഷാൻറോയും ഷാക്കിബും ചേർന്ന് നാലാം ദിനം തുടക്കത്തിൽ പ്രതീക്ഷ നൽകിയെങ്കിലും അശ്വിനും ജഡേജയും പന്തെടുത്തതോടെ ബംഗ്ലാദേശിന് അടിപതറുകയായിരുന്നു.പിന്നാലെ മത്സരം തിരിച്ചുപിടിക്കാൻ ശ്രമിച്ച ഷാക്കിബ് അൽ ഹസനെ(25) ഷോർട്ട് ലെഗ്ഗിൽ യശസ്വി ജയ്സ്വാളിൻറെ കൈകളിലെത്തിച്ച് അശ്വിൻ ബംഗ്ലാദേശിന്റെ തകർച്ചക്ക് തുടക്കമിട്ടു.
പിന്നാലെ ലിറ്റൺ ദാസിനെ(1) ജഡേജ പുറത്താക്കി. മെഹ്ദി ഹസൻ മിറാസിനെ(8) പുറത്താക്കി അശ്വിൻ അഞ്ച് വിക്കറ്റ് തികച്ചതിന് പിന്നാലെ ടസ്കിൻ അഹമ്മദിനെക്കൂടി പുറത്താക്കി വിക്കറ്റ് നേട്ടം ആറാക്കി. ഹസൻ മെഹ്മൂദിനെ വീഴ്ത്തി ജഡേജ ബംഗ്ലാദേശ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ഇന്നലെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് നന്നായിട്ടായിരുന്നു തുടങ്ങിയത്. ഒന്നാം വിക്കറ്റിൽ സാകിർ ഹസൻ (33) - ഷദ്മാൻ ഇസ്ലാം (35) സഖ്യം 62 റൺസ് കൂട്ടിചേർത്തു. എന്നാൽ സാക്കിറിനെ പുറത്താക്കി ജസ്പ്രീത് ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
അധികം വൈകാതെ ഷദ്മാൻ ഇസ്ലാമിനെ ആർ അശ്വിനും തിരിച്ചയച്ചു. തുടർന്നെത്തിയ മൊമിനുൽ ഹഖ് (13), മുഷ്ഫിഖുർ റഹീം (13) എന്നിവരെയും അശ്വിൻ തന്നെ മടക്കിയതോടെ 146-4ലേക്ക് വീണു. പിന്നീടെത്തിയ ഷാക്കിബ് അൽ ഹസൻ ക്യാപ്റ്റൺ നജ്മുൾ ഹൊസൈൻ ഷാൻറോക്കൊപ്പം ക്രീസിൽ നിൽക്കുമ്പോഴാണ് അമ്പയർ വെളിച്ചക്കുറവ് മൂലം കളി നിർത്തിയത്.