കാന്‍പുര്‍ : ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആശങ്കകള്‍ ഏറെ. മഴ ഭീഷണിക്കു പുറമേ സുരക്ഷാ ഭീഷണിയും ആയി. ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ ഒരു സ്റ്റാന്റ് അപകടഭീഷണിയുയര്‍ത്തുന്നതായാണ് ഉത്തര്‍പ്രദേശ് പൊതുമരാമത്തുവകുപ്പിന്റെ റിപ്പോര്‍ട്ട്. കൂടാതെ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കളിക്കെതിരേ ഹിന്ദുമഹാസഭയും രംഗത്തെത്തി.
സ്റ്റേഡിയത്തിലെ ബലക്കുറവുള്ള ബാല്‍ക്കണി സി-യില്‍ കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന് പി.ഡബ്ള്യു.ഡി. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആളുകളുടെ ആധിക്യം ഈഭാഗം തകര്‍ന്നു വീഴാനിടയാക്കിയേക്കും. അതുകൊണ്ട് ശേഷിയുടെ പകുതിയില്‍ക്കുറവ് മാത്രമേ പ്രവേശിപ്പിക്കൂ. 4800 ഇരിപ്പിടങ്ങളുള്ള ബാല്‍ക്കണിയില്‍ 1700 ടിക്കറ്റുകളാണ് നല്‍കിയത്.
സ്റ്റേഡിയത്തിലെ ഫ്ളഡ്‌ലിറ്റുകളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ല. മഴഭീഷണിയുള്ളതിനാല്‍ സ്റ്റേഡിയത്തില്‍ വെളിച്ചക്കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. വി.ഐ.പി. പവിലിയനു സമീപം ഫ്ളഡ്‌ലിറ്റിലെ എട്ടു ബള്‍ബുകള്‍ കത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
യു.പി. സര്‍ക്കാരിന്റെ കായികവകുപ്പിനു കീഴിലാണ് സ്റ്റേഡിയം. ഏതാനും വര്‍ഷങ്ങളായി അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ ഇവിടെ നടന്നിട്ടില്ല. ലഖ്‌നൗവില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള അടല്‍ബിഹാരി വാജ്‌പേയ് ഏക്‌ന ക്രിക്കറ്റ് സ്റ്റേഡിയം വന്നതോടെ കാന്‍പുര്‍ സ്റ്റേഡിയം അവഗണിക്കപ്പെട്ടനിലയിലാണ്.
സ്റ്റേഡിയത്തിലും പരിസരങ്ങളുിലുമായി കനത്ത സുരക്ഷയാണ് ഉദ്യോഗസ്ഥര്‍ ഒരുക്കിയിരിക്കുന്നത്. ഭീകരവിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാസേനയെയാണ് വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കാന്‍പുരിലെത്തിയ ബംഗ്ലാദേശ് ടീം ബുധനാഴ്ച കാലത്ത് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയിരുന്നു. ഹോട്ടല്‍മുതല്‍ മൈതാനംവരെ ടീമിന് വന്‍സുരക്ഷനല്‍കി.