കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിന മത്സരം സമനിലയിൽ പിരിഞ്ഞു.ശ്രീലങ്ക മുന്നോടുവച്ച 230 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13 പന്തുകൾ ബാക്കി നിൽക്കെയാണ് അതേ സ്കോറിൽ ഓൾ ഔട്ടായത്.ഇന്ത്യക്ക് ജയിക്കാൻ ഒരു റൺ മാത്രം വേണ്ടപ്പോൾ ശിവം ദുബെയെയും അർഷ്ദീപ് സിങ്ങിനെയും ചരിത് അസലങ്ക അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയാണ് ലങ്കക്ക് വിജയത്തോളം പോന്ന സമനില സമ്മാനിച്ചത്.
ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇരുവരും പോയൻറുകൾ പങ്കിട്ടു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 47.5 ഓവറിൽ 230 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ച്വറി നേടി നായകൻ രോഹിത് ശർമ ഇന്ത്യയുടെ ടോപ് സ്കോററായി. 47 പന്തിൽ മൂന്നു സിക്സും ഏഴു ബൗണ്ടറിയുമടക്കം 58 റൺസെടുത്താണ് താരം പുറത്തായത്. അക്സർ പട്ടേൽ 57 പന്തിൽ 33 റൺസെടുത്തു.
ശുഭ്മൻ ഗിൽ (35 പന്തിൽ 16), വിരാട് കോഹ്ലി (32 പന്തിൽ 24), വാഷിങ്ടൺ സുന്ദർ (നാലു പന്തിൽ അഞ്ച്), ശ്രേയസ്സ് അയ്യർ (23 പന്തിൽ 23), കെ.എൽ. രാഹുൽ (43 പന്തിൽ 31), കുൽദീപ് യാദവ് (10 പന്തിൽ രണ്ട്), ശിവം ദുബെ (24 പന്തിൽ 25), അർഷ്ദീപി സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. അഞ്ചു റണ്ണുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. നേരത്തെ, ദുനിത് വെല്ലാലഗെ, ഓപ്പണർ പതും നിസംഗ എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 65 പന്തിൽ 67 റൺസുമായി ദുനിത് പുറത്താകാതെ നിന്നു. നിസംഗ 75 പന്തിൽ 56 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി അർഷ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അവിഷ്ക ഫെർണാണ്ടോ (ഏഴു പന്തിൽ ഒന്ന്), കുശാൽ മെൻഡിസ് (31 പന്തിൽ 14), സദീര സമരവിക്രമ (18 പന്തിൽ എട്ട്), ചരിത് അസലങ്ക (21 പന്തിൽ 14), ജനിത് ലിയാനഗെ (26 പന്തിൽ 20), വാനിന്ദു ഹസരംഗ (35 പന്തിൽ 24) എന്നിവരാണ് പുറത്തായ ലങ്കൻ താരങ്ങൾ. മുഹമ്മദ് ഷിറാസ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ്, ശിവം ദുബെ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞ ശുഭ്മൻ ഗില്ലൊഴികെ എല്ലാവർക്കും വിക്കറ്റ് നേടാനായി. ടോസ് നേടിയ ലങ്കൻ നായകൻ ചരിത് അസലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.