ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ തകർപ്പൻ സെഞ്ച്വറിയാണ് റിഷഭ് പന്ത് നേടിയിരിക്കുന്നത്.128 പന്ത് നേരിട്ട് 13 ഫോറും 4 സിക്‌സും ഉൾപ്പെടെ 109 റൺസ് നേടിയാണ് റിഷഭ് പുറത്തായത്.മെഹതി ഹസൻ മിറാസ് റിട്ടേൺ ക്യാച്ചിലൂടെയാണ് റിഷഭിനെ പുറത്താക്കിയത്.
കാർ അപകടത്തിൽ പരിക്കേറ്റതിന് ശേഷം വലിയ ഇടവേളയെടുക്കേണ്ടി വന്ന റിഷഭ് തിരിച്ചുവരവിൽ പഴയ മികവ് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.ഒറ്റ കൈ സിക്‌സർ ഉൾപ്പെടെ ആധിപത്യം കാട്ടുന്ന പ്രകടനം പുറത്തെടുക്കാൻ റിഷഭിനായി. മടങ്ങിവരവിൽ മിന്നൽ പ്രകടനം നടത്തിയ റിഷഭ് പന്ത് മുൻ ഇന്ത്യൻ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ റെക്കോഡിനെ കടത്തിവെട്ടാനും റിഷഭിന് സാധിച്ചിരിക്കുകയാണ്.
ഇന്ത്യക്കായി കൂടുതൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡിൽ ധോണിയായിരുന്നു തലപ്പത്ത്. ആറ് സെഞ്ച്വറികളുമായി ഈ പട്ടികയിൽ തലപ്പത്തായിരുന്ന ധോണിക്കൊപ്പമെത്താൻ റിഷഭ് പന്തിന് സാധിച്ചിരിക്കുകയാണ്. ധോണി ആറ് ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്തിയത് 144 ഇന്നിങ്‌സിൽ നിന്നാണ്. എന്നാൽ വെറും 58 ഇന്നിങ്‌സിൽ നിന്ന് ഈ നേട്ടത്തിലേക്കെത്താൻ റിഷഭ് പന്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ധോണിയുടെ പകുതി ഇന്നിങ്‌സിൽ നിന്ന് തന്നെ ഈ നേട്ടത്തിലേക്കെത്താൻ റിഷഭിന് സാധിച്ചിരിക്കുകയാണ്. ഇതിനോടകം ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടാൻ സാധിച്ച റിഷഭിന്റെ നാട്ടിലെ രണ്ടാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.ഒരു സെഞ്ച്വറി കൂടി നേടിയാൽ ഇന്ത്യക്കായി കൂടുതൽ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന ചരിത്ര നേട്ടത്തിലേക്കെത്താൻ റിഷഭ് പന്തിന് സാധിക്കും. കഴിഞ്ഞ 50 വർഷത്തിനിടെ ബംഗ്ലാദേശിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാണഅ റിഷഭ്. ധോണിയാണ് ഇതിന് മുമ്പ് ഇവിടെ സെഞ്ച്വറി പ്രകടനം നടത്തിയത്.
റിഷഭ് പന്ത് ഇന്ത്യയുടെ ടെസ്റ്റ് ഇതിഹാസമാണെന്ന് പറഞ്ഞാലും തെറ്റാവില്ല. അവസാന 11 ടെസ്റ്റ് ഇന്നിങ്‌സിൽ നിന്ന് 784 റൺസാണ് റിഷഭ് പന്ത് നേടിയിട്ടുള്ളത്. 78.40 ശരാശരിയും 91.95 സ്‌ട്രൈക്ക് റേറ്റുമാണ് റിഷഭിന് അവകാശപ്പെടാൻ സാധിക്കുന്നത്. മൂന്ന് സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും നേടിയ റിഷഭ് 93 ഫോറും 25 സിക്‌സും പറത്തി. റിഷഭ് പൂർണ്ണ ഫിറ്റ്‌നസോടെ ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.
വ്യത്യസ്തമായ ഷോട്ടുകളിലൂടെ അതിവേഗത്തിൽ റൺസുയർത്താൻ റിഷഭിന് സാധിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌കർ ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ എക്‌സ് ഫാക്ടർ താരമായ റിഷഭ് ഉജ്ജ്വല ഫോമിൽ കളിക്കുന്നത് ടീമിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്ന കാര്യമാണെന്ന് പറയാം.