കറാച്ചി: ടെസ്റ്റിൽ എതിരാളികളില്ലാത്ത നിരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യയെ നാട്ടിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടാൻ ഒരു ടീമിനും സാധിക്കില്ലെന്നതാണ് സത്യം. 2013ന് ശേഷം ഒട്ടുമിക്ക പ്രമുഖരും ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയിട്ടുണ്ട്. എന്നാൽ ഇവർക്കൊന്നും ടെസ്റ്റ് പരമ്പര നേടാനാകാതെ നിരാശയോടെ മടങ്ങേണ്ടി വരുന്നതാണ് പതിവ്.ഏറ്റവും ഒടുവിലായി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സീറ്റിനോടടുക്കുന്ന ഇന്ത്യ ഇത്തവണ കിരീടം നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയെ നാട്ടിൽ തോൽപ്പിക്കാൻ എതിരാളികളില്ലാത്ത അവസ്ഥയാണുള്ളതെന്ന് നിസംശയം പറയാം. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവർക്ക് പോലും ഇന്ത്യയിൽ രക്ഷയില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ ഇന്ത്യയെ തട്ടകത്തിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടുകയെന്നത് എതിരാളികളുടെ സ്വപ്‌നം മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുൻ പാക് നായകനായ റമീസ് രാജ.
ഇന്ത്യയെ നാട്ടിൽ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടാൻ നിലവിലെ ആർക്കുമാവില്ലെന്ന് തന്നെ പറയാം. ഇതിന്റെ കാരണം ഇന്ത്യയുടെ താരസമ്പത്താണ്. പാകിസ്താനെ അവരുടെ നാട്ടിൽ തകർത്ത് പരമ്പര തൂത്തുവാരിയെ ബംഗ്ലാദേശ് ഇന്ത്യയിലെത്തിയപ്പോൾ തലകുനിച്ച് മടങ്ങേണ്ടി വന്നു. 'ഇന്ത്യ ബംഗ്ലാദേശിനെതിരേ എത്ര അനായാസമായാണ് ടെസ്റ്റ് പരമ്പര നേടിയതെന്ന് നോക്കുക.
ഈ സമയത്ത് ഏറ്റവും ശക്തമായ ടീം ഇന്ത്യയാണ്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കുന്ന ടീമിനെ സംബന്ധിച്ച് ഒരു ടെസ്റ്റ് ജയം നേടുകയെന്നത് പോലും വലിയ സ്വപ്‌നമായിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തിനെ വെല്ലുവിളിക്കാനുള്ള ശേഷി നിലവിലെ ബംഗ്ലാദേശ് ടീമിനില്ല. ഒരു ടീമിനും ഇന്ത്യയിൽ ജയിക്കുകയെന്നത് എളുപ്പമല്ല' റമീസ് രാജ പറഞ്ഞു. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും അതി ശക്തമാണ്. ഒരുമിച്ച് മൂന്ന് ടീമിനെ ഇറക്കാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ടെന്ന് തന്നെ പറയാം.
ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റ് ജയങ്ങളിൽ നിർണ്ണായകമാവുന്നത് ആർ അശ്വിനും രവീന്ദ്ര ജഡേജയും ഉൾപ്പെടുന്ന സ്പിൻ ഓൾറൗണ്ടർമാരാണ്. ഇന്ത്യൻ പിച്ചിൽ സ്പിന്നിന് നല്ല മുൻതൂക്കമുണ്ട്. ഇത് മുതലാക്കുന്ന ലോകോത്തര ബൗളർമാരാണ് ഇന്ത്യൻ ടീമിനൊപ്പമുള്ളത്. ഇന്ത്യയുടെ സ്പിൻ മികവിനെ കടത്തിവെട്ടാൻ സാധിക്കുന്ന ബൗളിങ് നിര നിലവിൽ എതിർ ടീമുകളില്ലെന്നതാണ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടാൻ സന്ദർശകർക്ക് സാധിക്കാത്തതിന്റെ പ്രധാന കാരണം.
'രോഹിത് ശർമയെ ഇന്ത്യയുടെ ബൗളർമാർ എങ്ങനെയാണ് പിന്തുണക്കുന്നതെന്ന് നോക്കുക. പേസ് ബൗളർമാർ ആദ്യ ഇന്നിങ്‌സിൽ ആധിപത്യം കാട്ടുമ്പോൾ സ്പിന്നർമാർ രണ്ടാം ഇന്നിങ്‌സിൽ മികവ് കാട്ടുന്നു. അശ്വിനും ജഡേജയും പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മാച്ച് വിന്നർമാരാണ്. ആദ്യ മത്സരത്തിൽ ഇത് നമ്മൾ കണ്ടതാണ്. ഇന്ത്യയുടെ ബൗളിങ് കരുത്ത് ടീമിന്റെ വിജയത്തുടർച്ചയുടെ പ്രധാന ഘടകമാണ്' റമീസ് രാജ പറഞ്ഞു.
നാട്ടിൽ തോൽവി അറിയാതെ 18 ടെസ്റ്റ് പരമ്പരകളുമായി ഇന്ത്യ മുന്നേറുകയാണ്. എന്നാൽ കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഡബ്ലുറ്റിസി ഫൈനൽ കളിച്ചെങ്കിലും കപ്പിലേക്കെത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ മൂന്നാം തവണയും ഫൈനൽ കളിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇത്തവണ രോഹിത് ശർമക്ക് കീഴിൽ ടെസ്റ്റിലെ ചാമ്പ്യന്മാരായി ഇന്ത്യക്ക് മാറാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഫൈനൽ ലോർഡ്‌സിലായതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്ന് നിസംശയം പറയാം.