ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് പൂർത്തിയാകുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ തുടരുകയാണ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെടുത്തു. ഇതോടെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ലീഡ് 308 റൺസായി ഉയർന്നു.ഒന്നാം ഇന്നിങ്സിൽ 376 റൺസായിരുന്നു ഇന്ത്യ നേടിയത്. ഹസൻ മഹ്മുദ് അഞ്ച് വിക്കറ്റ് നേടി.
ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 149 റൺസിൽ എല്ലാവരും പുറത്തായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ലെന്നതാണ് പ്രധാന കാരണം. 32 റൺസെടുത്ത ഷക്കീബ് അൽ ഹസൻ ആയിരുന്നു ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റെടുത്തു.
മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തി. യശസ്വി ജയ്സ്വാൾ 10, രോഹിത് ശർമ അഞ്ച്, വിരാട് കോഹ്‍ലി 17 എന്നിങ്ങനെ സ്കോറുമായി മടങ്ങി. ശുഭ്മൻ ഗിൽ 33 റൺസോടെയും റിഷഭ് പന്ത് 12 റൺസോടെയും ക്രീസിലുണ്ട്.
അതെസമയം ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം വമ്പൻ സ്‌കോർ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. നിലവിൽ ഇന്ത്യയുടെ സർവാധിപത്യമാണ് മത്സരത്തിലുള്ളത്.മൂന്നാം ദിനം മൂന്ന് സെക്ഷനിൽ ബാറ്റ് ചെയ്ത് ബംഗ്ലാദേശിന് മുന്നിൽ വമ്പൻ വിജയലക്ഷ്യം നൽകാനാകും ഇന്ത്യ ശ്രമിക്കുക. 450ന് മുകളിലേക്ക് വിജയലക്ഷ്യമെത്തിയാൽ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് മൂന്നാം ദിനത്തിലെ അവസാന സെക്ഷനിൽ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് ക്ഷണിച്ചേക്കും. എന്തായാലും ഇന്ത്യക്ക് വ്യക്തമായ മേൽകൈ നേടാനായിട്ടുണ്ട്.
ശുബ്മാൻ ഗില്ലും (33) റിഷഭ് പന്തുമാണ് (12) ക്രീസിൽ. ഇവരുടെ മൂന്നാം ദിനത്തിലെ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. അതിവേഗത്തിൽ റൺസുയർത്താൻ ഇന്ത്യ ശ്രമിച്ചേക്കും. മൂന്നാം ദിനം ബംഗ്ലാദേശ് ബൗളർമാർ ശക്തമായി തിരിച്ചുവന്ന് ഇന്ത്യയുടെ ലീഡ് 400 കടക്കാതെ തളച്ചിടാൻ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.