പാരീസ് : വിവാദ അള്‍ജീരിയന്‍ വനിതാ ബോക്സര്‍ ഇമാന്‍ ഖലീഫിന്റെ ലിംഗ നിര്‍ണയ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സൗമായ ഫെഡല, ജാക് യങ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ താരം പുരുഷ ലൈംഗികാവയവങ്ങളുമായാണ് ജനിച്ചത് എന്നാണ് വ്യക്തമാക്കുന്നത്.
പാരീസിലേയും അള്‍ജീരിയയിലേയും ആശുപത്രികള്‍ സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 5-ആല്‍ഫ ഡെഫിഷ്യന്‍സി എന്ന അവസ്ഥയും ഇമാന്‍ ഖലീഫിനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആണ്‍കുഞ്ഞുങ്ങളില്‍ പുരുഷലൈംഗികാവയവങ്ങള്‍ സാധാരണമല്ലാത്ത വളര്‍ച്ച കാണിക്കുന്ന അവസ്ഥയാണിത്.
പാരീസ് ഒളമ്പിക്സിലെ വനിതകളുടെ 66 കിലോഗ്രാം ബോക്സിങ് വെല്‍റ്റര്‍വെയ്റ്റ് മത്സരത്തെത്തുടര്‍ന്നുണ്ടായ വിവാദമാണ് ഇമാന്‍ ഖലീഫിനെ ശ്രദ്ധേയയാക്കിയത്. ഇമാനില്‍ നിന്ന് മൂക്കിന് പഞ്ചേറ്റ എതിരാളി ഇറ്റാലിയന്‍ താരം ആഞ്ജല കരിനി മത്സരത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഇമാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.