ന്യൂഡല്‍ഹി : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിനായി പുതിയ നീക്കവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. അവ സാന രണ്ട് മത്സരത്തില്‍ ക്യാമ്പിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ഐ ലീഗ് അടക്കമുള്ളവയില്‍ നിന്ന് കളിക്കാരെ എത്തിക്കുവാനുമാണ് പുതിയ പ്ലാന്‍.
സാധാരണ കുറഞ്ഞദിവസങ്ങളില്‍ മാത്രമാണ് ദേശീയ ടീമിന്റെ ക്യാമ്പ് നടക്കാറുള്ളത്. യോഗ്യതാറൗണ്ടില്‍ കുവൈത്തിനെതിരേ ജീവന്മരണപ്പോരാട്ടമായതിനാല്‍ കൂടുതല്‍ ദിവസം ക്യാമ്പ് വേണമെന്ന പരിശീലകന്റെ ആവശ്യം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിക്കുകയായിരുന്നു.
പുതിയ പ്ലാന്‍ അനുസരിച്ച് ഒരു മാസമാണ് ക്യാമ്പ്. ആദ്യ മൂന്നാഴ്ച ഭുവനേശ്വറിലും അവസാന ആഴ്ച കൊല്‍ക്കത്തയിലുമായരിക്കും ക്യാമ്പ്. ദൈര്‍ഘ്യമുള്ള ക്യാമ്പ് ആയതിനാല്‍ പുതിയ നീക്കങ്ങള്‍ പരീക്ഷിക്കാനാകും. മേയ് 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. ഐ.എസ്.എല്‍. മേയ് നാലിന് കഴിയുന്നതോടെ കളിക്കാരെ വിട്ടുകിട്ടാനും ബുദ്ധിമുട്ടുണ്ടാകില്ല. ഐ.എസ്.എലിനുപുറമേ ഐ ലീഗില്‍നിന്നു കളിക്കാരെ ക്യാമ്പിലേക്ക് വിളിക്കും.
കുവൈത്തിനെതിരായ മത്സരം ഇന്ത്യക്ക് മാത്രമല്ല സ്റ്റിമാച്ചിനും നിര്‍ണായകമാണ്. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലേക്ക് ടീമിനെ നയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് പരിശീലകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 6ന് നടക്കാനിരിക്കുന്ന കുവൈത്തിനെതിരെയുള്ള ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സാധ്യത നിലനിര്‍ത്താനാകൂ.