മാവേലിക്കര: വനിത ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക സ്കോററായി മലയാളി ഷിനോയ് സോമൻ. പാകിസ്താൻ, ന്യൂസീലൻഡ്, ശ്രീലങ്ക എന്നിവരുടെ ഇന്ത്യക്കെതിരേയുള്ള മത്സരങ്ങളിൽ മാവേലിക്കര സ്വദേശി ഷിനോയ് സ്കോററാകും.
2009-ൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിലാണ് ഷിനോയ് സ്കോററായി അരങ്ങേറ്റം കുറിച്ചത്. ഏഷ്യ കപ്പ്, ഐ.പി.എൽ, പി.എസ്.എൽ, ട്വന്റി-20 ലോകകപ്പ് മത്സരങ്ങളിലും പാകിസ്താൻ, ഓസ്‌ട്രേലിയ, ശ്രീലങ്ക, യു.എ.ഇ., അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളിലും സ്കോററായി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യ കപ്പ് ട്വന്റി-20 അണ്ടർ 19 മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് മാനേജരായും പ്രവർത്തിച്ചു. യു.എ.ഇ.യിൽ നടന്ന അക്കാഫ് ക്രിക്കറ്റ് ടൂർണമെന്റ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അലുമ്‌നി ക്രിക്കറ്റ് ടൂർണമെന്റ്, സബ്‌കോൺ ക്രിക്കറ്റ് ക്ലബ്ബ് ടൂർണമെന്റ് എന്നിവയുടെ സംഘാടകനായിരുന്നു.
മാവേലിക്കര തഴക്കര മൊട്ടയ്ക്കൽ വീട്ടിൽ സോമന്റെയും ശ്യാമളയുടെയും മകനായ ഷിനോയ് ദുബായ് കാപിറ്റോൾ ഹോട്ടൽ സെയിൽസ് ഡയറക്ടറാണ്. ഭാര്യ പ്രിയ. റയാൻ, തഷിൻ, ഫിയോന എന്നിവർ മക്കൾ.