ദുബായ്: ടി20 ലോകകപ്പിന് തൊട്ടു മുമ്പ് പുറത്തിറക്കിയ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. 863 റേറ്റിംഗ് പോയന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യകമാറിന് പിന്നില്‍ 788 റേറ്റിംഗ് പോയന്റുമായി ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്.
മുഹമ്മദ് റിസ്വാന്‍, ഏയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആറാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് സൂര്യകുമാറിന് പുറമെ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം. ലോകകപ്പ് ടീമിലില്ലാത്ത റുതുരാജ് ഗെയ്ക്വാദ് പതിനൊന്നാം സ്ഥാനത്തുണ്ട്. റിങ്കു സിംഗ്(32), വിരാട് കോലി(47), രോഹിത് ശര്‍മ(52), ശിവം ദുബെ(71), ഹാര്‍ദ്ദിക് പാണ്ഡ്യ(74) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ്.
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അര്‍ഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ കുല്‍ദീപ് യാദവ്(24), യുസ്വേന്ദ്ര ചാഹല്‍(51), ഹാര്‍ദ്ദിക് പാണ്ഡ്യ(66), മുഹമ്മദ് സിറാജ്(86) എന്നിങ്ങനെയാണ് ലോകകപ്പ് ടീമിലുള്‌ല ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ്. ജസ്പ്രീത് ബുമ്ര ബൗളിംഗ് റാങ്കിംഗില്‍ ആദ്യ 100ല്‍ ഇടം നേടിയിട്ടില്ല.
ടി20 ടീം റാങ്കിംഗില്‍ ഇന്ത്യ തന്നെയാണ് ഒന്നാമത്. 264 റേറ്റിംഗ് പോയന്റുമായാണ് ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.257 റേറ്റിംഗ് പോയന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 252 റേറ്റിംഗ് പോയന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് മൂന്നാമതാണ്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ ആദ്യ അഞ്ചിലുള്ളപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനും പിന്നിലായി പാകിസ്ഥാന്‍ ഏഴാം സ്ഥാനത്താണ്.