കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു കപ്പുയർത്തുന്ന ആദ്യ ക്യാപ്റ്റനാവാൻ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാർ സ്‌ട്രൈക്കർ അഡ്രിയാൻ ലൂണ.ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസൺ ആരംഭിക്കാനിരിക്കെ ആരാധകർ ആഗ്രഹിക്കുന്നതും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കിരീടത്തിന് വേണ്ടിയാണെന്നും ലൂണ പറഞ്ഞു. ഇപ്പോൾ പുതിയ സീസണിന് മുൻപായി തന്റെ ലക്ഷ്യങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യുറുഗ്വായ് താരത്തിന്റെ പ്രതികരണം.
'ക്ലബ്ബിന് വേണ്ടി ഒരു കപ്പുയർത്തുന്ന ആദ്യത്തെ ക്യാപ്റ്റനാവണമെന്നാണ് എന്റെ ആഗ്രഹം. അത് അതിശയകരമായ കാര്യമാണ്. ബ്ലാസ്റ്റേഴ്‌സിന് ഒരു ട്രോഫി നേടുക എന്നത് എന്റെ വ്യക്തിപരമായ ലക്ഷ്യമാണ്. കാരണം ആ ഒരു നിമിഷത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്', ലൂണ പറഞ്ഞു.
'കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള എന്റെ നാലാം സീസണാണിത്. ഒരു ടീമെന്ന നിലയിൽ ആരാധകർക്ക് വേണ്ടി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ഒരു ട്രോഫി നേടുകയെന്നത്. ക്ലബ്ബിനെയും എന്നെയും സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഒരു ട്രോഫിക്ക് വേണ്ടി ഈ ക്ലബ്ബ് 11 വർഷമായി കാത്തിരിക്കുകയാണ്. അതിനർത്ഥം വലിയ ഒരു ലക്ഷ്യമാണ് ഞങ്ങൾക്ക് മുന്നിലുള്ളത്', അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ആരാധകപിന്തുണയുള്ള വിദേശ താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. 2021-22 ഐഎസ്എൽ സീസൺ മുതലാണ് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുള്ള ലൂണയുടെ യാത്ര ആരംഭിക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ലൂണ മൂന്ന് സീസണിൽ 15 ഗോളുകളും 20 അസിസ്റ്റുകളുമാണ് നേടിയെടുത്തത്.