ഹൈദരാബാദ്: ലക്നൗവിനെ അടിച്ചു വീഴ്ത്തി ഹൈദരാബാദ്. 166 റൺസ് വിജയലക്ഷ്യം മുന്നിൽവച്ച് ബോളിങ്ങിനിറങ്ങിയ ലക്നൗ ബോളർമാർക്ക് പ്രതീക്ഷിച്ചപോലെ കളത്തിൽ തിളങ്ങാനായില്ല . വെറും 9.4 ഓവറിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളി ജയിച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (30 പന്തിൽ 89*), അഭിഷേക് ശർമ (28 പന്തിൽ 75*) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങിലാണ് ഹൈദരാബാദ് പത്തു വിക്കറ്റിന് ലക്നൗവിനെ തോൽപ്പിച്ചത്.
58 പന്തുകളിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 14 സിക്സും 16 ഫോറുമാണ് അടിച്ചുകൂട്ടിയത്. 62 പന്തുകൾ ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം. ഐപിഎലിൽ പത്ത് ഓവർ പൂർത്തിയാകുമ്പോഴേയ്ക്കുമുള്ള ഏറ്റവും ഉയർന്ന ടോട്ടലും ഹൈദരാബാദ് ഇന്നു കുറിച്ചു.
മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഹൈദരാബാദ് തിളങ്ങി തുടങ്ങി. രണ്ടാം ഓവറിൽ 17 റൺസ് നേടിയ ഹൈദരാബാദിന്റെ സ്കോർ, പവർപ്ലേ പൂർത്തിയായപ്പോൾ 107ആയി. അടുത്ത മൂന്ന് ഓവറിനുള്ളിൽ കളി ജയിക്കുകയും ചെയ്തു. 2.4 ഓവറിൽ 47 റൺസ് വഴങ്ങിയ യഷ് ഠാക്കൂറാണ് ലക്നൗ നിരയിൽ ഏറ്റവുമധികം തിളങ്ങുന്നത്.
ടോസ് നേടിയ ലക്നൗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധസെഞ്ചറി നേടിയ ആയുഷ് ബധോനി (30 പന്തിൽ 55*), നിക്കോളാസ് പുരാൻ (26 പന്തിൽ 48*) എന്നിവരുടെ മികവിലാണ് ലക്നൗ സാമാന്യം ഭേദപ്പെട്ട സ്കോർ നേടിയത്. 11.2 ഓവറിൽ 66ന് 4 എന്ന നിലയിൽ പരുങ്ങിയ ലക്നൗവിനെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച പുരാൻ–ബദോനി കൂട്ടുകെട്ടാണ് ലക്നൗവിനെ രക്ഷപ്പെടുത്തിയത്.