ലോക ഫുട്‌ബോളിലെ രണ്ട് ഇതിഹാസങ്ങളാണ് അർജന്റീനയുടെ ലയണൽ മെസ്സിയും പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോയും. ട്രോഫികൾ നേടുകയെന്നത് ശീലമാക്കിയ രണ്ടു താരങ്ങളാണ് ഇരുവരുമെന്ന് പറഞ്ഞാലും തെറ്റില്ല.ദേശീയ ടീമിനോടൊപ്പം മാത്രമല്ല ക്ലബ്ബ് തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ടീമുകളോടൊപ്പവും കിരീടനേട്ടത്തിൽ പങ്കാളിയാവാൻ ഇരുവർക്കുമായിട്ടുണ്ട്.
ഇപ്പോഴിതാ പുതിയൊരു ട്രോഫി കൂടി മെസ്സി തന്റെ കിരീടസമ്പാദ്യത്തിലേക്കു കൂട്ടിച്ചേർത്തിരിക്കുകയാണ്.അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കു വേണ്ടി പന്തുതട്ടുന്ന അദ്ദേഹം എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡാണ് കൈക്കലാക്കിയിട്ടുള്ളത്. ഇതോടെ മെസ്സിയുടെ ട്രോഫികളുടെ എണ്ണം 46 ആയി ഉയർന്നിരിക്കുകയാണ്.ഇനി മെസ്സിയുമായി താരതമ്യം ചെയ്യുമ്പോൾ എത്ര ട്രോഫികളാണ് റൊണാൾഡോ ഇതിനകം സ്വന്തമാക്കിയതെന്നു നോക്കാം.
ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് ഇന്റർ മയാമിക്കു എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് സമ്മാനിച്ചത്. ഈ കിരീടത്തിൽ അവർ മുത്തമിട്ടതും ഇതാദ്യമായിട്ടാണ്. ത്രില്ലിങ് മാച്ചിൽ കൊളംബസ് ക്രൂവിനെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്കു വീഴ്ത്തിയാണ് ഇന്റർ മയാമിയുടെ കിരീടവിജയം. ഒരു കിടിലൻ ഫ്രീകിക്ക് ഗോളുൾപ്പെടെ രണ്ടു ഗോളുകളാണ് മെസ്സി സ്വന്തം പേരിൽ കുറിച്ചത്.
മെസ്സിയുടെ സ്വപ്‌നതുല്യമായ അന്താരാഷ്ട്ര കരിയറിലേക്കു വന്നാൽ ഫിഫ ലോകകപ്പുൾപ്പെടെ അക്കൂട്ടത്തിലുണ്ടെന്നു കാണാം. ലോകകപ്പ് കൂടാതെ രണ്ടു കോപ്പ അമേരിക്ക ട്രോഫികളും അർജന്റൈൻ കുപ്പായത്തിൽ സ്വന്തമാക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. ഇവ കൂടാതെ ഫിനാലിസ്മ, അണ്ടർ 20 ലോകകപ്പ്, ഒളിംപിക് സ്വർണ മെഡൽ എന്നിവയും അർജന്റീനയ്‌ക്കൊപ്പം സ്വന്തമാക്കാൻ മെസ്സിക്കു കഴിഞ്ഞു.
സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയ്‌ക്കൊപ്പം പ്രൊഫഷണൽ കരിയറാരംഭിച്ച ലയണൽ മെസ്സി അവിടെ ട്രോഫികളുടെ ചാകര തീർത്താണ് മതിയാക്കിയത്. 10 സ്പാനിഷ് ലാ ലിഗ കിരീടങ്ങളാണ് ബാഴ്‌സയുടെ കുപ്പായത്തിൽ മെസ്സിയെ തേടിയെത്തിയത്. കൂടാതെ നാലു യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫികൾ, മൂന്നു യുവേഫ സൂപ്പർ കപ്പ് കിരീടങ്ങൾ, ക്ലബ്ബ് ലോകകപ്പ്, ഏഴു കോപ്പാ ഡെൽറേ, എട്ടു സൂപ്പർ കോപ്പകൾ എന്നിവയും സ്വന്തമാക്കിയാണ് ബാഴ്‌സയിൽ നിന്നും മെസ്സി പടിയിറങ്ങിയത്.
ബാഴ്‌സ വിട്ട ശേഷം ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയ്‌നിലേക്കാണ് അദ്ദേഹം ചേക്കേറിയത്. 2021ലാണ് മെസ്സി പിഎസ്ജിയുടെ ഭാഗമായത്. അവർക്കൊപ്പം രണ്ടു ഫ്രഞ്ച് ലീഗ് ട്രോഫികൾ സ്വന്തമാക്കാൻ അർജന്റൈൻ ഇതിഹാസത്തിനു സാധിച്ചു. കൂടാതെ ട്രോഫി ഡെസ് കപ്പും പിഎസ്ജിക്കൊപ്പം മെസ്സി കൈക്കലാക്കി.പിഎസ്ജി വിട്ടതിനു ശേഷാണ് അമേരിക്കയിലേക്കു അദ്ദേഹം തട്ടകം മാറിയത്. 37 കാരനായ മെസ്സി ലീഗ് കപ്പിൽ ഇതിനകം മുത്തമിട്ടു കഴിഞ്ഞു. അതിനു ശേഷമാണ് ഇപ്പോൾ സപ്പോർട്ടേഴ്‌സ് ഷീൽഡും സ്വന്തം പേരിലേക്കു ചേർത്തിരിക്കുന്നത്.റൊണാൾഡോയ്ക്കു എത്ര കിരീടം?
അതെസമയം കരിയറിൽ ഇതുവരെ നേടിയിട്ടുള്ള ട്രോഫികളുടെ എണ്ണമെടുത്താൽ ലയണൽ മെസ്സിയോളം ക്രിസ്റ്റിയാനോ റൊണാൾഡോ എത്തിയിട്ടില്ല. ഇനി അതിനുള്ള സാധ്യതയും തീരെ കുറവാണെന്നു പറയാം. മെസ്സിയുടെ 46 കരിയർ ട്രോഫികളമായി താരതമ്യം ചെയ്യുമ്പോൾ 33 ട്രോഫികൾ മാത്രമേ റോണോയുടെ പേരിൽ കുറിക്കപ്പെട്ടിട്ടുള്ളൂ.ഒരു യൂറോ കപ്പുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഏഴു ലീഗ് ട്രോഫികൾ (മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്), അഞ്ചു യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫികൾ, യുവേഫ നാഷൻസ് ലീഗ് കിരീടം എന്നിവയും ഇതിലുൾപ്പെടും.