അടിക്ക് തിരിച്ചടി; ഇന്ത്യ 150നു പുറത്ത്; ഓസീസ് ഏഴിന് 67

പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിനു പുറത്താക്കിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബുംറയും സംഘവും അതേ നാണയത്തില്‍ തിരിച്ചടിച്ചു.

author-image
Prana
New Update
bumra

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ആസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ തിരിച്ചടി. പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 150 റണ്‍സിനു പുറത്താക്കിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ബുംറയും സംഘവും അതേ നാണയത്തില്‍ തിരിച്ചടിച്ചു. കളി നിര്‍ത്തുമ്പോള്‍ ആസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് ഒപ്പമെത്താന്‍ മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കേ ആസ്‌ട്രേലിയയ്ക്ക് ഇനിയും 83 റണ്‍സ് കൂടി വേണം.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംമ്ര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. റണ്‍സെടുക്കും മുമ്പ് യശസ്വി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും വിക്കറ്റ് നഷ്ടപ്പെടുത്തി. മോശം ഫോം തുടരുന്ന വിരാട് കോഹ്‌ലി അഞ്ച് റണ്‍സുമായി മടങ്ങി. നന്നായി കളിച്ചുവന്ന കെഎല്‍ രാഹുല്‍ ദൗര്‍ഭാഗ്യകരമായി പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്‌സ് ക്യാരി പിടികൂടിയപ്പോള്‍ രാഹുല്‍ നേടിയത് 26 റണ്‍സ് മാത്രം. രാഹുലിന്റെ ബാറ്റില്‍ പന്ത് ഉരസിയില്ലെന്ന് ടെലിവിഷന്‍ റീപ്ലേയില്‍ വ്യക്തമായിരുന്നെങ്കിലും സാങ്കേതിക വിദ്യ ചതിച്ചതോടെ രാഹുല്‍ പുറത്ത്. 
ധ്രുവ് ജുറേല്‍ 11, വാഷിങ്ടണ്‍ സുന്ദര്‍ നാല് എന്നിവരെ മിച്ചല്‍ മാര്‍ഷ് മടക്കിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. റിഷഭ് പന്ത് നേടിയ 37 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡിയുടെ 41 റണ്‍സുമാണ് ഇന്ത്യന്‍ സ്‌കോര്‍ 150ല്‍ എത്തിച്ചത്. ആസ്‌ട്രേലിയയ്ക്കായി ജോഷ് ഹേസല്‍വുഡ് നാല് വിക്കറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ആസ്‌ട്രേലിയയും ബാറ്റിങ് തകര്‍ച്ച നേരിട്ടു. 19 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന അലക്‌സ് ക്യാരിയാണ് ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖ്വാജ എട്ട്, നഥാന്‍ മക്‌സ്വീനി 10, മാര്‍നസ് ലബുഷെയ്ന്‍ രണ്ട്, സ്റ്റീവ് സ്മിത്ത് പൂജ്യം, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് ആറ്, പാറ്റ് കമ്മിന്‍സ് മൂന്ന് എന്നിങ്ങനെയാണ് ഓസ്‌ട്രേലിയന്‍ നിരയിലെ സ്‌കോറുകള്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.

india vs australia pat cummins border gavaskar trophy jaspreet bumrah