ന്യൂഡല്‍ഹി : ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്തതിന്റെ ദിവങ്ങള്‍ക്കിപ്പുറം അസാമാന്യ ഫീല്‍ഡിങ് മികവിലൂടെ അമ്പരപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ. രണ്ടാം ട്വന്റി20യില്‍ ബംഗ്ലദേശ് താരം റിഷാദ് ഹുസൈനെ പുറത്താക്കാന്‍ ബൗണ്ടറിക്കു സമീപംവച്ച് പാണ്ഡ്യയെടുത്ത അസാധ്യ ക്യാച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബംഗ്ലദേശ് ബാറ്റു ചെയ്യുന്നതിനിടെ, 14ാം ഓവറിലാണ് സംഭവം.
ഓവറിലെ മൂന്നാം പന്തില്‍ വൈഡ് ലോങ് ഓണിലൂടെ ബൗണ്ടറിക്കായിരുന്നു ശ്രമം. ഉയര്‍ന്നെത്തിയ പന്തു ലക്ഷ്യമാക്കി ഡീപ് മിഡ്വിക്കറ്റില്‍നിന്ന് ബൗണ്ടറിക്കരികിലൂടെ പാണ്ഡ്യ ഓടിയെത്തി. ഓട്ടത്തിനിടെ ഇരുകൈ കൊണ്ടും പന്തു പിടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
എങ്കിലും വലതുകൈയ്യില്‍ കുരുങ്ങിയ പന്ത് അസാധ്യമായ രീതിയില്‍ പാണ്ഡ്യ കയ്യിലൊതുക്കുകയായിരുന്നു. മാത്രമല്ല, പന്തുമായി ഗ്രൗണ്ടില്‍ വീണെങ്കിലും പിടിവിടാതെ കൈയിലൊതുക്കുകയും ചെയ്തു. ഈ സമയം മറുവശത്ത് നിന്ന് പന്ത് ലക്ഷ്യമാക്കി ഓടിയെത്തിയ അഭിഷേക് ശര്‍മ, പാണ്ഡ്യയുടെ വരവുകണ്ട് വഴിമാറിക്കൊടുക്കുന്നതിന്റെ വീഡിയോയും സമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നുണ്ട്.