മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം ഗ്രഹാം തോർപ്പ് ആത്മഹത്യ ചെയ്തതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ അമാൻഡ. കടുത്ത വിഷാദത്തിനും ഉത്കണ്ഠയ്ക്കും അടിമയായിരുന്ന തോർപ്പ് സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് അമാൻഡ പറയുന്നത്.താനില്ലാതായാൽ കുടുംബമെങ്കിലും സമാധാനത്തോടെ ജീവിക്കുമെന്ന ചിന്തയായിരുന്നു തോർപ്പിനെന്നും എന്നാൽ അദ്ദേഹത്തിൻറെ വേർപാട് തങ്ങളുടെ കുടുംബത്തെയാകെ തകർത്തു കളഞ്ഞുവെന്നും ദ് ടൈംസിന് നൽകിയ അഭിമുഖത്തിൽ അമാൻഡ പറഞ്ഞു.
ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് തോർപ്പിന്റെ മരണ വിവരം പുറത്തു വിടുന്നത്. 55 മത്തെ വയസിലാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിൽ ഒരാളും ലോക ക്രിക്കറ്റിൽ തന്റെതായ സ്ഥാനം അടായളപ്പെടുത്തുകയും ചെയ്ത ഗ്രഹാം തോർപ്പ് ജീവിതത്തിന്റെ കളമൊഴിയുന്നത്. 1993 മുതൽ 2005 വരെ ഇംഗ്ലണ്ട് ടീമിനൊപ്പം ഉണ്ടായിരുന്നു തോർപ്പ്. അതിനുശേഷം പരിശീലക വേഷത്തിലും ക്രിക്കറ്റിന്റെ മൈതാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. 2022 ലാണ് തോർപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഗുരുതരമായ അസുഖം അദ്ദേഹത്തെ ബാധിച്ചു എന്നായിരുന്നു പുറത്തു വന്ന വിവരം.
ദ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അമാൻഡ് തന്റെ ഭർത്താവിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം ലോകത്തോട് വെളിപ്പെടുത്തിയത്. രണ്ടു വർഷം മുമ്പും തോർപ്പ് സ്വയം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്നും അമാൻഡ് പറയുന്നുണ്ട്. തനിക്ക് സ്‌നേഹിക്കാനും തന്നെ സ്‌നേഹിക്കാനും ഭാര്യയും രണ്ട് പെൺമക്കളും ഉണ്ടായിട്ടും അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അടുത്ത കാലത്തായി അദ്ദേഹം തീരെ മോശം അവസ്ഥയിലായിരുന്നു. താൻ ഇല്ലെങ്കിൽ കുടുംബം നന്നായി ജീവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. അത് അദ്ദേഹം നടപ്പാക്കുകയാണുണ്ടായത്. പക്ഷേ, ഞങ്ങളെ പാടെ തകർത്തു കളഞ്ഞു’ അമാൻഡ് വേദനയോട് പറയുന്നു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തോർപ്പ് കടുത്ത വിഷാദത്തിനും ഉത്കണ്ഠയ്ക്കും അടിമയായിരുന്നുവെന്നാണ് അമാൻഡ പറയുന്നത്. അതിന്റെ ഭാഗമായിട്ടാണ് 2022 മേയിൽ ആദ്യം അദ്ദേഹം ആത്മഹത്യ ശ്രമം നടത്തിയത്. അത്തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ദീർഘകാലം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടി വന്നു.
തന്റെ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ അദ്ദേഹം ഒരുപാട് ശ്രമിച്ചു, പല ചികിത്സകളും നടത്തി, കുടുംബം അദ്ദേഹത്തിനൊപ്പം തന്നെ നിന്നു. നിർഭാഗ്യമെന്നു പറയട്ടെ അതൊന്നും അദ്ദേഹത്തെ സുഖപ്പെടുത്തിയില്ല. ‘കളിക്കളങ്ങളിൽ ശാരീരികമായും മാനസികമായും പൂർണ ആരോഗ്യവാനായിരുന്ന ഗ്രാം ആയിരുന്നു ഉണ്ടായിരുന്നത്. മാനസിക അസുഖം ഒരു യാഥാർത്ഥ്യമാണ്. അത് ആരെ വേണമെങ്കിലും കീഴ്‌പ്പെടുത്താം’ അഭിമുഖത്തിൽ അമാൻഡ പറയുന്നു.
അച്ഛന് ഇങ്ങനെയൊരു രോഗം ഉണ്ടെന്ന കാര്യം ലോകത്തോട് വെളിപ്പെടുത്താൻ തങ്ങൾ തയ്യാറായിരുന്നുവെന്നാണ് തോർപ്പിന്റെ മകൾ കിറ്റി പറയുന്നത്. അക്കാര്യം പറയുന്നതിൽ ഞങ്ങൾക്ക് ഒരു നാണക്കേടും ഇല്ലായിരുന്നു, ഇതിൽ മറയ്‌ക്കേണ്ടതായി ഒന്നുമില്ല, അതൊരു കുറ്റവുമല്ല’ കിറ്റി പറയുന്നു. നേരത്തെ ഇക്കാര്യം പറയാതിരുന്നതിനു കാരണം, അപ്പോഴെല്ലാം അദ്ദേഹത്തെ സുഖപ്പെടുത്താനും സംരക്ഷിക്കാനുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ. അത്യന്തം വേദനജനകാമയ അവസ്ഥയാണെങ്കിലും ഇപ്പോൾ എല്ലാക്കാര്യങ്ങളും പറാനുള്ള സമയമാണെന്ന് ഞങ്ങൾ കരുതുന്നു. ഈ വിഷയത്തിൽ അവബോധം വളർത്താനായി എല്ലാവരോട് സംസാരിക്കാനും കാര്യങ്ങൾ പങ്കിടാനും ഞങ്ങൾ ആഗ്രഹിക്കുന്നു’ കിറ്റി പറഞ്ഞു.