പാരിസ്: പാരീസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. എക്സിലൂടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.സ്വപ്നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നാണ് വിനേഷ് എക്സിൽ കുറിച്ചത്.
വൈകാരികമായ കുറിപ്പ് പങ്കിട്ടാണ് വിനേഷ് ഫോഗട്ട് കണ്ണീരോടെ ഗോദ വിടുന്നത്. ഇന്ത്യൻ കായിക ചരിത്രത്തിലൊരു വനിത ഗുസ്തി താരവും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെയാണ് കഴിഞ്ഞ 48 മണിക്കൂർ വിനേഷ് സഞ്ചരിച്ചത്. ഫൈനലിന് മുന്നോടിയായി നടത്തിയ ഭാര പരിശോധനയിൽ 100 ഗ്രാം കൂടിയതിന് പിന്നാലെയാണ് അയോഗ്യയാക്കപ്പെട്ടത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലായിരുന്നു വിനേഷ് ഫോഗട്ട് ഫൈനലിലെത്തിയത്. ഒളിമ്പിക്‌സ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തിക്കാരിയായി വിനേഷ് ചരിത്രം സൃഷ്ടിച്ചിരുന്നെങ്കിലും നിർഭാഗ്യം താരത്തെ പിന്തുടരുകയായിരുന്നു.
പ്രീക്വാർട്ടറിൽ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വർണമെഡൽ ജേതാവായ ജപ്പാൻ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ യുക്രെയ്ൻ താരം ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. പിന്നാലെ ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ സ്വർണ പതക്കം വിനേഷിലൂടെ കിട്ടുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. അപ്രതീക്ഷിതമായാണ് ഭാരം തിരിച്ചടിയായത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിടവാങ്ങൽ.