രോഹിത്തും വിരാടും ദുലീപ് ട്രോഫി കളിക്കാത്തത് ചോദ്യംചെയ്ത് ഗാവസ്‌കര്‍

ജൂണ്‍ 28ന് നടന്ന ടി20 ലോകകപ്പ്് ഫൈനലിനുശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാത്രമാണ് രോഹിത്തും കോലിയും കളിച്ചത്. ബംഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇരുവര്‍ക്കും മറ്റു മത്സരങ്ങളൊന്നുമില്ല

author-image
Prana
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ആഭ്യന്തര ക്രിക്കറ്റായ ദുലീപ് ട്രോഫി ടൂര്‍ണമെന്റ്ില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളിക്കാതെ മാറിനില്‍ക്കുന്നതിനെ ചോദ്യം ചെയ്ത് മുന്‍താരം സുനില്‍ ഗവാസ്‌കര്‍. ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ദുലീപ് ട്രോഫിയില്‍ കളിക്കും. അതേസമയം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ എന്നിവര്‍ കളിക്കുന്നില്ല.
ജൂണ്‍ 28ന് നടന്ന ടി20 ലോകകപ്പ്് ഫൈനലിനുശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മാത്രമാണ് രോഹിത്തും കോലിയും കളിച്ചത്. അടുത്തമാസം ബംഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇരുവര്‍ക്കും മറ്റു മത്സരങ്ങളൊന്നുമില്ല. ഇതിനെതിരേയാണ് ഗാവസ്‌കര്‍ രംഗത്തെത്തിയത്. ഒരു അന്താരാഷ്ട്ര മത്സരം മുന്നില്‍നില്‍ക്കേ, രോഹിത്തിനും കോഹ്ലിക്കും ഇന്ത്യക്കുതന്നെയും അനുകൂലമായ സാഹചര്യമല്ല ഇത് സൃഷ്ടിക്കുകയെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
സെലക്ടര്‍മാര്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ദുലീപ് ട്രോഫിയില്‍ ഉള്‍പ്പെടുത്തിയില്ല. അതിനാല്‍ വേണ്ടത്ര പരിശീലനമില്ലാതെയായിരിക്കും അവര്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പോകാന്‍ സാധ്യത. ബുംറയുടെ ജോലിഭാരം എന്നത് മനസ്സിലാക്കാനാവുന്നതാണ്. മുപ്പതുകളുടെ മധ്യത്തിലുള്ള ഏതൊരു കളിക്കാരനും ഉയര്‍ന്ന നിലവാരം പുലര്‍ത്താനാവണമെങ്കില്‍ പതിവായി മത്സരം നടത്തണമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 19നാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. ചെന്നൈയിലാണ് മത്സരം. രണ്ടാം ടെസ്റ്റ് 27ന് കാണ്‍പുരില്‍. ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുന്ന താരങ്ങളെ ദുലീപ് ട്രോഫിയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി.

Virat Kohli sunil gavaskar rohith sharma